മാള: പ്രളയത്തില്‍ തകര്‍ന്ന തൈക്കൂട്ടം തൂക്കുപാലം പുനര്‍നിര്‍മാണത്തിന് ഫണ്ടനുവദിച്ചെങ്കിലും ഇതുവരെ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം തുടങ്ങിയില്ല.
നൂറുകണക്കിന് ആളുകള്‍ നിത്യേന സഞ്ചരിച്ചുകൊണ്ടിരുന്ന തൂക്കുപാലം 2018ലെ പ്രളയത്തില്‍ തകര്‍ന്നതോടെ നാട്ടുകാര്‍ യാത്രാദുരിതം പേറാന്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷം പിന്നിട്ടിരിക്കുകയാണ്. കാടുകുറ്റി ഗ്രാമപഞ്ചായത്തിനേയും അന്നമനട ഗ്രാമപഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് തൈക്കൂട്ടം തൂക്കുപാലം.
പാലം തകര്‍ന്നതോടെ ഇരു ഗ്രാമപഞ്ചായത്തുകളിലേയും നൂറുകണക്കിനാളുകളാണ് യാത്രാ ദുരിതത്തില്‍ അകപ്പെട്ടത്. കിലോമീറ്ററുകള്‍ ചുറ്റിക്കറങ്ങിയാണിപ്പോള്‍ ചാലക്കുടി പുഴയുടെ ഇരു കരകളിലുള്ള ഈ പ്രദേശത്തെ ആളുകള്‍ മറു ഭാഗങ്ങളിലേക്ക് എത്തുന്നത്. പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയപ്പോള്‍ പുഴയിലൂടെ ഒഴുകിയെത്തിയ കൂറ്റന്‍ മരങ്ങളും തടികളും വന്നിടിച്ചാണ് തൂക്കുപാലം തകര്‍ന്നത്. വെള്ളം ഇറങ്ങിയപ്പോഴാണ് യാത്രചെയ്യാന്‍ കഴിയാത്ത വിധം തൂക്കുപാലം രണ്ടായി വേര്‍പെട്ടത് ദൃശ്യമായത്. പാലത്തിന്റെ കൈവരിയിലെ ഗ്രില്ലുകളും തകര്‍ന്ന നിലയിലാണ്. നടപ്പാത ഇളകിയും ചെളിനിറഞ്ഞും കിടക്കുന്നു.
പാലത്തിന്റെ അറ്റകുറ്റപണിയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന തര്‍ക്കമാണ് നടപടി നീളുന്നതിന്റെ കാരണം. കാടുകുറ്റി ഗ്രാമപഞ്ചായത്തിനാണ് ഉത്തരവാദിത്വം എന്ന് നാട്ടുകാര്‍ പറയുമ്പോള്‍ റവന്യൂ വകുപ്പിന്റെ വകയാണ് പാലമെന്ന് ഗ്രാമപഞ്ചായത്തും പറയുന്നു. പൊതുമരാമത്ത് വകുപ്പ് പാലത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
2013 ജൂണിലാണ് തൈക്കൂട്ടം തൂക്കുപാലത്തിന്റെ നിര്‍മാണം തുടങ്ങിയത്. റവന്യൂ വകുപ്പിന്റെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 1.16 കോടി രൂപ ചെലവഴിച്ചാണ് തൂക്കുപാലം നിര്‍മിച്ചത്. അന്നമനടയേയും കാടുകുറ്റിയേയും ബന്ധിപ്പിക്കുന്ന പാലം ഈ പ്രദേശങ്ങള്‍ക്കിടയില്‍ എട്ട് കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ സഹായിച്ചു. പാലം സഞ്ചാര യോഗ്യമല്ലാതായതോടെ വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകള്‍ ഇരുകര പറ്റാന്‍ കഴിയാതെ വിഷമിക്കുകയാണ്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും വിവിധ ഓഫിസുകളിലെ ജീവനക്കാരും കൂലിപ്പണിക്കാരും അടക്കമുള്ളയാളുകളാണ് ഉണ്ടായിരുന്ന യാത്രാമാര്‍ഗം ഇല്ലാതായതോടെ ദുരിതത്തിലായത്. സംസ്ഥാന സര്‍ക്കാരിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ തൂക്കുപാലത്തിന്റെ പുനര്‍നിര്‍മാണത്തിനായി ഫണ്ടനുവദിച്ചെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടായിട്ടില്ല. കളക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോഴും അനുകൂല നടപടികള്‍ ആയിട്ടില്ലെന്നാണ് ഗ്രാമപഞ്ചായത്തധികൃതര്‍ പറയുന്നത്.