ആദിവാസികള്‍ക്ക് തയ്യല്‍ പരിശീലനം: വിഷ്ണുപ്രിയ തിരുവനന്തപുരത്തും തട്ടിപ്പ് നടത്തിയതായി റിപോര്‍ട്ട്

മുതലമടയില്‍ ആദിവാസികളുടെ തയ്യല്‍ പരിശീലനത്തിന്റെ മറവില്‍ കോടികള്‍ തട്ടി അറസ്റ്റിലായ അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് എംഡി വിഷ്ണുപ്രിയയാണ് തിരുവനന്തപുരത്തും തട്ടിപ്പ് നടത്തിയത്

Update: 2022-04-25 09:01 GMT

തിരുവനനന്തപുരം: പാലക്കാട് മുതലമടയില്‍ ആദിവാസികളുടെ തയ്യല്‍ പരിശീലനത്തിന്റെ മറവില്‍ കോടികള്‍ തട്ടി അറസ്റ്റിലായ അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് എംഡി വിഷ്ണുപ്രിയ തിരുവനന്തപുരത്തും സമാന തട്ടിപ്പ് നടത്തിയതായി അന്വേഷണ റിപോര്‍ട്ട്. ഷോക്കടിക്കുന്നതും തുരുമ്പെടുത്തതുമായ തയ്യല്‍ യന്ത്രങ്ങള്‍ നല്‍കിയെന്ന് ആറ് മാസം മുമ്പ് കണ്ടെത്തിയിട്ടും പട്ടിക വര്‍ഗ്ഗ ഡയറക്ടറേറ്റ് റിപോര്‍ട്ട് പൂഴ്ത്തുകയായിരുന്നു. ആദിവാസി വനിതകള്‍ പോലിസിലും വിജിലന്‍സിലും പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല.

സ്വകാര്യ ചാനലാണ് അപ്‌സര ഇന്‍സ്റ്റിറ്റിയൂട്ടും എംഡി വിഷ്ണുപ്രിയയും ആദിവാസികളെ കബളിപ്പിച്ച് പണം തട്ടിയ വാര്‍ത്ത പുറത്ത് കൊണ്ട് വന്നത്. ഷോക്കടിക്കുന്നതും തുരുമ്പെടുത്തതുമായ തയ്യല്‍ മെഷീനുകളിലിരുന്ന് തയ്യല്‍ പഠിക്കുന്ന ആദിവാസി വനിതകള്‍. ദ്രവിച്ച ടൂള്‍ കിറ്റ്. ചോര്‍ന്നൊല്ലിച്ച് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടം. ഒരു കോടിയുടെ പദ്ധതിയില്‍ പത്ത് ലക്ഷം പോലും ചെലവാക്കിയോയെന്ന് സംശയം. വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് പട്ടിക വര്‍ഗ ഡയറക്ടര്‍ അന്വേഷണം നടത്തിയത്.

ആദിവാസി വനിതകളേയും വിഷ്ണുപ്രിയയേയും കഴിഞ്ഞ നവംബര്‍ 12ന് ഹിയറിങ് നടത്തി. നേരിട്ട് മലയടിയില്‍ പോയി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.

തയ്യല്‍ പരിശീലനത്തില്‍ അധ്യാപകരെ നല്‍കിയില്ല. പത്ത് തയ്യല്‍ മെഷീനുകളില്‍ രണ്ടെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ടൂള്‍ കിറ്റ് നല്‍കിയില്ല. അഞ്ഞൂറ് രൂപ വിലയുള്ള സ്റ്റഡി മെറ്റീരിയലിന് പകരം നല്‍കിയത് 200 പേജുള്ള നോട്ട് ബുക്ക്. അപ്‌സരയ്ക്ക് നല്‍കിയ പണം തിരികെ പിടിക്കണമെന്നുള്‍പ്പടെ വീഴ്ചകള്‍ എണ്ണിയെണ്ണി പറയുന്ന റിപോര്‍ട്ടില്‍ ഒരു നടപടിയുമുണ്ടായില്ല.

ചോദിക്കുമ്പോള്‍ അന്വേഷണം നടക്കുന്നവെന്ന ഒഴുക്കന്‍ മറുപടിയാണ് പട്ടികവര്‍ഗ ഡയറക്ട്രേറ്റിന്റെത്. ഇതിനിടെ ജാതി വിളിച്ച് വിഷ്ണുപ്രിയ ആദിവാസി വനിതകളെ ആക്ഷേപിച്ചു. ഈ പരാതി ആര്യനാട് പോലിസിന് നല്‍കിയെങ്കിലും മൊഴി പോലും എടുത്തില്ല. സമാനപരാതിയിലാണ് മുതലമടയില്‍ വിഷ്ണുപ്രിയയ്‌ക്കെതിരെ കേസെടുത്തത്. സാമ്പത്തിക തട്ടിപ്പില്‍ മലയടിയിലെ ആദിവാസി വനിതകള്‍ വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും പേരിന് ഒരു പരിശോധന നടത്തി അവരും അന്വേഷണം അവസാനിപ്പിച്ചു. 

Tags:    

Similar News