താമിര്‍ ജിഫ്രി കൊലപാതകം; മുന്‍ എസ്.പി സുജിത്ത് ദാസിനെ പ്രതിചേര്‍ക്കണം: ഹാരിസ് ജിഫ്രി

Update: 2024-09-02 07:32 GMT

തിരൂരങ്ങാടി : താനൂര്‍ പോലിസ് സ്റ്റേഷനില്‍ താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ പശ്ചാതലത്തില്‍ മുന്‍ മലപ്പുറം എസ്.പി സുജിത്ത് ദാസിനെ പ്രതി ചേര്‍ക്കണമെന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി ആവശ്യപ്പെട്ടു.താമിര്‍ ജിഫ്രി കൊല്ലപ്പെട്ട അന്നു മുതല്‍ പലതും മറച്ച് പിടിക്കാനും തെളിവ് നശിപ്പിക്കാനും മുന്‍പന്തിയില്‍ നിന്ന സുജിത്ത് ദാസിന്റെ ഫോണ്‍ സംഭാഷണം കൂടുതല്‍ യഥാര്‍ത്ഥ്യങ്ങള്‍ വിളിച്ച് പറയുന്നതാണ്.

താമിറിനെ കസ്റ്റഡിയില്‍ ക്രൂരമായി തല്ലിയത് കൊണ്ടാണ് മരിച്ചതെന്ന് സമ്മതിക്കുന്ന തരത്തിലാണ് പി.വി അന്‍വറിന്റെ ഫോണ്‍ വെളിപെടുത്തലിലൂടെ മനസ്സിലാവുന്നത്. കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വിട്ട എം.എല്‍.എ പി.വി അന്‍വറിന്റെ മൊഴി തെളിവായി എടുക്കണം.താമിര്‍ ഹൃദ്രോഗിയാണന്നും മയക്ക്മരുന്ന് വിഴുങ്ങിയതാണെന്നും ഒന്നു തല്ലിയാല്‍ പോലും മരിക്കുമായിരുന്നുമുള്ള സുജിത്ത് ദാസിന്റെ ഫോണ്‍ സംഭാഷണം പച്ചകള്ളമാണ്.

പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടറെ പോലും കള്ളനാക്കുന്ന എസ്.പി പെരുങ്കള്ളനാണന്നും, ഇയാളുടെ കസ്റ്റഡി കൊലപാതകത്തിലെ പങ്ക് സംശയാതീധമായി വെളിവായിരിക്കുകയാണെന്നു ഹാരിസ് ജിഫ്രി പറഞ്ഞു.തുടക്കം മുതല്‍ തന്നെ സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംശയം ജനിപ്പിച്ചിരുന്നു. ഡാന്‍സാഫ് സംഘത്തിനെ മാത്രം പ്രതിചേര്‍ത്ത് ഉന്നതരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നത് ശരിവെക്കുന്നതരത്തിലാണ് പി.വി.അന്‍വറിന്റെ ഫോണ്‍ സംഭാഷണ വെളിപ്പെടുത്തലിലൂടെ സംഭവിച്ചിരിക്കുന്നത്.


Tags:    

Similar News