കൊവിഡ് മരുന്നുകള്‍ക്കും ചികില്‍സാ ഉപകരണങ്ങള്‍ക്കും നികുതി ഇളവ്: റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി
ന്യൂഡല്‍ഹി: കൊവിഡ് മരുന്നിനും ചികില്‍സോപകരണങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കുന്നതിന്റെ മാദനണ്ഡങ്ങള്‍ നിശ്ചയിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും മന്ത്രിമാരുടെ ഒരു ഉപസമിതിക്ക് രൂപം നല്‍കും. വെള്ളിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലാണ് തീരുമാനമെടുത്തത്.
വാക്‌സിന്‍, കൊവിഡ് അനുബന്ധ ഉപകരണങ്ങള്‍, മരുന്നുകള്‍, ബ്ലാസ് ഫംഗസ് മരുന്നുകള്‍ എന്നിവയില്‍ ഈടാക്കുന്ന നികുതിയില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ചുള്ള തീരുമാനം കൈക്കൊള്ളാനാണ് സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ 1.5 ലക്ഷം കോടി രൂപ കടമെടുക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അധ്യക്ഷത വഹിച്ച യോഗം ഒമ്പതു മണിക്കൂര്‍ നീണ്ടുനിന്നു. മന്ത്രിസഭ ഉപസമിതി പത്ത് ദിവസത്തിനുളളില്‍ നിര്‍ദേശങ്ങള്‍ അറിയിക്കണം, അല്ലെങ്കില്‍ ഡൂണ്‍ 8ാം തിയ്യതിയോ അതിനു മുമ്പോ. മന്ത്രിസഭാ ഉപസമിതിയില്‍ ആരൊക്കെയുണ്ടാവുമെന്ന് ഇന്ന് തീരുമാനിക്കും.
ജിഎസ്ടിയില്‍ കുറവ് വരുത്തണമെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. വാക്‌സിനും കോട്ടന്‍ മാസ്‌കിനും ഇപ്പോള്‍ 5 ശതമാനമാണ് ജിഎസ്ടി. മിക്കവാറും മരുന്നുകളും മറ്റ് ഉപകരണങ്ങള്‍ക്കും നികുതി 12 ശതമാനം വരും. ആല്‍ക്കഹോള്‍ അധിഷ്ടിത സാനിറ്റൈസറിനും തെര്‍മോമീറ്ററിനും 18 ശതമാനമാണ് നികുതി.
പശ്ചിമ ബംഗാള്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര ഇതുസംബന്ധിച്ച് അപേക്ഷ ജിഎസ്ടി കൗണ്‍സിലിലേക്കും ധനമന്ത്രിക്കും അയച്ചിട്ടുണ്ട്. കൊവിഡ് ചികില്‍സയുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും അവയുടെ അസംസ്‌കൃതവസ്തുക്കള്‍ക്കും നികുതി ഇളവ് നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ കത്തില്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ അത് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മെയ് 9ന് സമാനമായ നിര്‍ദേശം വന്നപ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അത് തള്ളിയിരുന്നു. അവസാന ഉല്‍പ്പന്നത്തില്‍ ജിഎസ്ടി ഒഴിവാക്കുന്നത് വ്യവസായികള്‍ക്ക് ഇന്‍പുട്ട് നികുതി ഒഴിവ് ലഭിക്കുന്നത് ഇല്ലാതാകുമെന്നും അവസാന ഭാരം ഉപഭോക്താക്കളില്‍ എത്തിച്ചേരുമെന്നും മന്ത്രി പ്രതികരിച്ചു.