അധ്യാപകര്‍ക്കെതിരേ നടപടിയുണ്ടാകില്ലെന്ന് മന്ത്രി; സര്‍ക്കാര്‍ തീരുമാനവുമായി സഹകരിക്കുമെന്ന് അധ്യാപകസംഘടനകള്‍

ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയത് പ്രത്യേക സാഹചര്യത്തിലെന്ന് മന്ത്രി വിശദീകരിച്ചു

Update: 2022-02-15 08:08 GMT

തിരുവനന്തപുരം: സ്‌കൂളുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി സഹകരിക്കാമെന്ന് അധ്യാപകസംഘടനകള്‍. സ്‌കൂള്‍ പൂര്‍ണമായി തുറക്കുന്നതില്‍ കൂടിയാലോചന നടത്താത്തതില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അധ്യാപക സംഘടനകള്‍ സര്‍ക്കാരിനെ അറിയിച്ചു. ശനിയാഴ്ച പ്രവര്‍ത്തി ദിനം, മുഴുവന്‍ സമയം പ്രവര്‍ത്തനം, ഫോക്കസ് ഏരിയ എന്നിവയില്‍ സഹകരിക്കും. ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയത് പ്രത്യേക സാഹചര്യത്തിലെന്ന് മന്ത്രി വി ശിവന്‍കുട്ടി വിശദീകരിച്ചു.

അഭിപ്രായം പറഞ്ഞതിന്റെയോ വിമര്‍ശിച്ചതിന്റെയോ പേരില്‍ അധ്യാപകര്‍ക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി. ശനിയാഴ്ച ക്ലാസുകള്‍ അടുത്ത മൂന്ന് ആഴ്ച മാത്രമേ ഉണ്ടാകൂ. നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അധ്യാപകര്‍ക്ക് ഭാരമാവുന്ന തരത്തില്‍ തുടരില്ല. അധ്യാപകരോട് കൂടിയാലോചിക്കാതെ മാര്‍ഗനിര്‍ദേശം ഇറക്കിയ പശ്ചാത്തലവും മന്ത്രി വിശദീകരിച്ചു. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ കൂടിയാലോചന ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

അധ്യാപകര്‍ പറയുന്നത്

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള പുതിയ മാര്‍ഗരേഖക്കെതിരായാണ് വിമര്‍ശനമുയര്‍ന്നത്. ചൊവ്വാഴ്ച അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കെ ഇന്ന് മാര്‍ഗരേഖ ഇറക്കിയത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് സിപിഐ അനുകൂല അധ്യാപക സംഘടനകള്‍ വിമര്‍ശിച്ചു. വൈകീട്ട് വരെ ക്ലാസ് നീട്ടുമ്പോള്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്നത് പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് സംഘടന കെപിഎസ് ടി എ ആവശ്യപ്പെട്ടു. നയപരമായ തീരുമാനങ്ങള്‍ ഏകപക്ഷീയമായി എടുക്കുന്നുവെന്നാണ് സിപിഐ സംഘടന എകെഎസ്ടിയുവിന്റെ പ്രതികരണം.

സര്‍ക്കാര്‍ തീരുമാനം

സംസ്ഥാനത്ത് ഇന്നലെ മുതല്‍ സ്‌കൂള്‍ തുറന്നു. ഫെബ്രുവരി 21 വരെയുള്ള ക്ലാസുകള്‍ ഉച്ചവരെയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഇനി മുതല്‍ അവധി ദിവസങ്ങളൊഴികെ ശനിയാഴ്ചകളിലും ക്ലാസുകളുണ്ടായിരിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം. 21 മുതല്‍ മുഴുവന്‍ ക്ലാസുകളും വൈകീട്ട് വരെയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുള്ളവരൊഴികെ ബാക്കിയുള്ളവര്‍ സ്‌കൂളിലെത്തണം. ഹാജര്‍ നില പരിശോധിച്ച്, ക്ലാസിലെത്താത്തവരെ സ്‌കൂളിലേക്കെത്തിക്കാന്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കി. യൂനിഫോമും തിരികെയെത്തുകയാണ്. കേന്ദ്രീയ വിദ്യാലയങ്ങളടക്കം എല്ലാ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ തീരുമാനം ബാധകമാണ്.

ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താന്‍ കഴിയാത്തവര്‍ക്കായി ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കല്‍, പത്ത്, പ്ലസ്ടു ക്ലാസുകള്‍ക്ക് പൊതുപരീക്ഷയ്ക്ക് മുന്‍പായുള്ള റിവിഷന്‍, മോഡല്‍ പരീക്ഷകള്‍, വാര്‍ഷിക പരീക്ഷകള്‍ എന്നിവ നടത്തുന്നതിനാണ് നിലവിലെ ഊന്നല്‍. പത്ത്, പ്ലസു ക്ലാസുകളില്‍ ഈമാസം 28ന് മുന്‍പായി പാഠഭാഗങ്ങള്‍ തീര്‍ക്കാനാണ് കര്‍ശന നിര്‍ദേശം. പത്ത്, പ്ലസ്ടു അധ്യാപകര്‍ പാഠഭാഗങ്ങള്‍ തീര്‍ത്തതിന്റെ റിപ്പോര്‍ട്ട് എല്ലാ ശനിയാഴ്ച്ചയും നല്‍കണം. 1 മുതല്‍ 9 ക്ലാസുകള്‍ക്കും വാര്‍ഷിക പരീക്ഷയുണ്ടാകും. തിയതി പിന്നീടറിയിക്കും.


Tags:    

Similar News