സെർവർ തകരാർ: സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് മുടങ്ങി

Update: 2024-03-15 08:43 GMT

തിരുവനന്തപുരം: വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന മുന്‍ഗണനാ കാര്‍ഡുകളുടെ മസ്റ്ററിങ്ങ് മുടങ്ങി. സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്നാണ് റേഷന്‍ മസ്റ്ററിങ് വെള്ളിയാഴ്ച രാവിലെ മുടങ്ങിയത്. രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെ നടത്തുമെന്ന അറിയിപ്പിന തുടര്‍ന്ന് റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡുമായി മസ്റ്ററിങ്ങിനെത്തിയ നിരവധി ജനങ്ങളാണ് പ്രതിസന്ധിയിലായത്. വ്യക്തമായ അറിയിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് മണിക്കൂറോളം കാത്തുനില്‍ക്കേണ്ട അവസ്ഥയിലായിരുന്നു.

    മഞ്ഞ, പിങ്ക് കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും മസ്റ്ററിങ് നടത്തണമെന്നായിരുന്നു നിര്‍ദേശം. മഞ്ഞ, പിങ്ക് റേഷന്‍കാര്‍ഡിലെ അംഗങ്ങളുടെ ഇകെവൈസി നടത്താന്‍ 15 മുതല്‍ 17 വരെ പ്രത്യേക ക്യാപുകളും സജ്ജമാക്കിയിരുന്നു. റേഷന്‍കടകളിലെ ഇപോസ് മെഷീനുകളിലൂടെമാത്രമേ ഇകെവൈസി മസ്റ്ററിങ് സാധിക്കൂവെന്നതിനാല്‍ റേഷന്‍വിതരണം നിര്‍ത്തിവെച്ചുകൊണ്ടായിരുന്നു മസ്റ്ററിങ് ക്യാപുകള്‍. വെള്ളിയാഴ്ച ക്യാപുകളിലെത്തിയ മുന്‍ഗണനാ കാര്‍ഡുകളില്‍ മഞ്ഞ കാര്‍ഡുകാരുടെ മസ്റ്ററിങ്ങ് നടത്തിനോക്കാമെന്നും തടസങ്ങള്‍ പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. സാങ്കേതിക വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് 16 മുതലുള്ള മസ്റ്ററിങ്ങ് വിജയകരമാക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി മാധ്യമങ്ങള്‍ വഴി പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News