ബിജെപിയെ പ്രതിസന്ധിയിലാക്കി യുപിയില്‍ താക്കൂര്‍- ബ്രാഹ്‌മണ 'സംഘര്‍ഷം'; താക്കൂറുമാര്‍ ജീവിക്കാനുവദിക്കുന്നില്ലെന്ന പരാതിയുമായി ബ്രാഹ്‌മണര്‍
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബ്രാഹ്‌മണ, താക്കൂര്‍ 'സംഘര്‍ഷം' ബിജെപിയെ വെട്ടിലാക്കി മൂര്‍ച്ഛിക്കുകയാണ്. തങ്ങളൈ താക്കൂറുമാര്‍ ജീവിക്കാനുവദിക്കുന്നില്ലെന്ന് കാണിച്ച് ഷമ്‌ലി ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിന് പരാതി അയക്കുന്നിടത്തോളം പ്രശ്‌നങ്ങള്‍ വഷളായിട്ടുണ്ട്.
ഷമ്‌ലി ജില്ലയിലെ താക്കൂര്‍ പ്രതിനിധി സംഘമാണ് കഴിഞ്ഞ ജൂണ്‍ 10ന് പരാതി നല്‍കിയത്. ജലാല്‍പൂര്‍ താലൂക്കിലെ പ്രധാന്‍ ജെയ് പ്രകാശ് റാണയെന്ന താക്കൂര്‍, ബ്രാഹ്‌മണരെ അപമാനിക്കുകയും ആക്ഷേപിക്കുന്നുവെന്നുമാണ് ഒരു പരാതി. ജൂണ്‍ 9ന് ജെയ് പ്രകാശ്, മൊഹിത്തിലെ ഒരു ബ്രാഹ്‌മണ ബാലനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെന്നും പറയുന്നു. തന്റെ അധികാരം പ്രദര്‍ശിപ്പിക്കുകയായിരുന്നുവത്രെ ലക്ഷ്യം. കൂടാതെ ബ്രാഹ്‌മണ ബാലന്റെ വീടിനു നേരെ അയാള്‍ രണ്ട് തവണ നിറയൊഴിക്കുകയും ചെയ്തു. പ്രധാന്റെ നീക്കങ്ങള്‍ ബ്രാഹ്ണര്‍ക്കിടയില്‍ ഭീതി വിതച്ചിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
ബ്രാഹ്‌മണര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഇയാള്‍ മരങ്ങള്‍ മുറിച്ചുമാറ്റുകയും പൈപ്പ് കണക്ഷനുകള്‍ വിച്ഛേദിക്കുകയും പൊതു ജലവിതരണ ടാങ്കുകളിലേക്കുള്ള ജലവിതരണം നിര്‍ത്തിവച്ചിരിക്കുകയുമാണത്രെ. തനിക്ക് വോട്ട് ചെയ്യാത്തവരെയാണ് ഇയാള്‍ ഉന്നം വയ്ക്കുന്നത്. സഹിക്കവയ്യാതെ ബ്രാഹ്‌മണര്‍ നാടുവിട്ടുപോയെന്നും പറയുന്നു.
ഇതിന് രസകരമായ മറ്റൊരു വശമുണ്ട്. സമാനമായ ഒരു പരാതി 2017 തിരഞ്ഞെടുപ്പിലും ഉയര്‍ന്നിരുന്നു. അന്നത്തെ പ്രചാരണം മുസ് ലിംകളുടെ ഭീഷണി മൂലം ഹിന്ദുക്കള്‍ നാടുവിടുന്നുവെന്നാണ്. അന്നത് വലിയ വാര്‍ത്തയായി. നാടുവിട്ടുപോയവരുടെ പട്ടികയില്‍ മരിച്ചവരുമുണ്ടായിരുന്നെന്നതും അക്കാലത്തുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ഇത്തവണ ബ്രാഹ്‌മണ, താക്കൂര്‍ സംഘര്‍ഷം വളര്‍ത്തുന്നതില്‍ ബിജെപിക്ക് താല്‍പ്പര്യമില്ലാത്തതിനാല്‍ ബിജെപി അനുകൂല മാധ്യമങ്ങള്‍ ഇതൊരു വിഷയമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ദേശീയ തലത്തില്‍ വാര്‍ത്തയുമായില്ല. പക്ഷേ, അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തലവേദനയുണ്ടാക്കാന്‍ ഇതുമതി, പ്രത്യേകിച്ച് താക്കൂര്‍ പ്രതിനിധിയായ യോഗി ആദ്യത്യനാഥ് മുഖ്യമന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരിക്കുമ്പോള്‍.
ബ്രാഹ്ണര്‍ ഇരയാക്കപ്പെടുന്നുവെന്നും തഴയപ്പെടുന്നുവെന്നുമുള്ള പരാതി ഏറെ നാളായി യുപിയിലെ ഒരു സ്ഥിരം പ്രമേയമാണ്. ബ്രാഹ്‌മണരെ സംബന്ധിച്ചിടത്തോളം അവര്‍ 10 ശതമാനം വരുന്ന വലിയ ജനതയാണ്. വെറും ആറ് ശതമാനം മാത്രമുള്ള താക്കൂര്‍ അധികാരത്തിലിരിക്കുന്നുവെന്നതില്‍ അവര്‍ക്ക് അമര്‍ഷമുണ്ട്. കഴിഞ്ഞ മൂന്ന് ദശകങ്ങളായി യുപിയില്‍ ഒരു ബ്രാഹ്‌മണ മുഖ്യമന്ത്രിയുണ്ടായിട്ടില്ലെന്നാണ് അവരുടെ ആക്ഷേപം. അതും ബ്രാഹ്‌മണ, ബനിയ പാര്‍ട്ടിയായ ബിജെപി അധികാരത്തില്‍ വന്നിട്ടും. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി രാം പ്രകാഷ് ഗുപ്ത തന്നെ ഒരു ബനിയ ആണ്. 2000ത്തിലണ് അദ്ദേഹം മുഖ്യമന്ത്രിയായത്. ബ്രാഹ്‌മണ ഐഎഎസ് ഉദ്യോഗസ്ഥനായ എ കെ ശര്‍മ മുഖ്യമന്ത്രിയായേക്കുമെന്ന ഒരു വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഉപമുഖ്യമന്ത്രിസ്ഥാനത്തെത്തുമെന്നും വാര്‍ത്തയുണ്ടായിരുന്നു. യോഗി ആദിത്യനാഥ് എല്ലാ ശ്രമങ്ങളും വേണ്ട വിധം തടഞ്ഞു.
ഇതിനിടയില്‍ ഒബിസിയില്‍നിന്നുള്ള കെ പി മൗര്യ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഒ ബിസി വോട്ടുകള്‍ നേടാന്‍ അദ്ദേഹത്തെ പാര്‍ട്ടി പ്രസിഡന്റാക്കാന്‍ സാധ്യതയാണ് നിരീക്ഷകര്‍ കാണുന്നത്.
വികാസ് ദുബെയെന്ന അധോലോകക്കാരന്റെ ഏറ്റുമുട്ടല്‍ കൊലയോടെയാണ് ബ്രാഹ്‌മണ സെന്റിമെന്റസ് ഇത്ര രൂക്ഷമായത്. അധോലോകക്കാരനാണെങ്കിലും ഇയാളെ വ്യാജഏറ്റുമുട്ടലില്‍ കൊന്നത് ബ്രാഹ്‌മണര്‍ക്കുള്ള ഒരു സന്ദേശമാണെന്നാണ് പലരും കരുതുന്നത്. യോഗി നേതൃത്വത്തിലെത്തിയ ശേഷം അഞ്ച് ബ്രാഹ്‌മണരെ ജീവനോടെ എരിച്ചുകളഞ്ഞ സംഭവവുമുണ്ടായി. എത്‌ന, ബാരബാങ്കി, പ്രയാഗ് രാജ്, ബിജ്‌നൗര്‍ തുടങ്ങിയ ജില്ലകളില്‍ ബ്രാഹ്‌മണര്‍ക്കെതിരേയുള്ള താക്കൂറുമാരുടെയും സര്‍ക്കാരിന്റെയും അതിക്രമം വര്‍ധിച്ചു. യു പി സര്‍ക്കാര്‍ ഇതിനെതിരേ ചെറുവിരലെനക്കുന്നില്ലെന്നും പരാതിയുണ്ട്.
കഴിഞ്ഞ തവണ ബ്രാഹ്‌മണരുടെ മുന്‍ഗണന ബിജെപിക്കായിരുന്നു. ഇത്തവണ എന്തുചെയ്യണമെന്ന ആലോചന ബ്രാഹ്‌മണ ക്യാമ്പുകളില്‍ ശക്തമാണ്. തങ്ങള്‍ നിര്‍ണായകമായ കുശിനഗര്‍, സാന്‍ കബീര്‍ നഗര്‍, ഗോരഖ്പൂര്‍, ഡിയോറിയ, ഭഡോയ്, വാരണാസി, അംബേദ്കര്‍ നഗര്‍, സുല്‍ത്താന്‍പുര്‍ ജില്ലകളില്‍ എന്തു ചെയ്യുമെന്ന ആലോചനയും ശക്തമാണ്.
ബിജെപി ബ്രാഹ്‌മണര്‍ക്കിടയിലെ അസംതൃപ്തി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വേണം കരുതാന്‍. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജിതിന്‍ പ്രസാദ ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നില്‍ ഇതും കാരണമാണ്. യുപിയിലെ പ്രമുഖ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജിതിന്‍, ഇപ്പോഴത്തെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ കണ്ടശേഷമാണ് ബിജെപിയില്‍ കാലെടത്തുവച്ചത്. ധൗരഹാര മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്ന പ്രസാദ സംസ്ഥാനത്തെ ഏറ്റവും പ്രമുഖനായ ബ്രാഹ്‌മണ നേതാവാണ്. ബ്രാഹ്‌മണരുമായി ഇടഞ്ഞുനില്‍ക്കുന്ന ബിജെപിയെ പാര്‍ട്ടിയിലേക്ക് തിരികെയെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ജിതിന്റെ രംഗപ്രവേശമെന്നാണ് പൊതു വിലയിരുത്തല്‍.