അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പണമില്ലെന്ന്; വൃദ്ധന്റെ മൃതദേഹം പേരക്കുട്ടി ഫ്രിഡ്ജില്‍ സൂക്ഷിച്ചു
ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് വാറങ്കലിലെ പാര്‍ക്കലയിലെ വാടക വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്
ഹൈദരാബാദ്: 93കാരന്റെ മൃദേഹം വീട്ടിലെ ഫ്രിഡ്ജിനകത്തു നിന്നും പോലിസ് കണ്ടെടുത്തു. പേരമകനാണ് മുത്തഛന്റെ മൃതദേഹം ഫ്രിഡ്ജിനകത്ത് സൂക്ഷിച്ചത്. അന്ത്യകര്‍മങ്ങള്‍ നടത്താന്‍ പണമില്ലാത്തതു കാരണമാണ് മൃതദേഹം സൂക്ഷിച്ചതെന്നാണ് 23കാരനായ പേരമകന്റെ മൊഴി. എന്നാല്‍ പോലിസ് ഇത് വിശ്വസിച്ചിട്ടില്ല.
ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് വാറങ്കലിലെ പാര്‍ക്കലയിലെ വാടക വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടത്. ഫ്രിഡ്ജിനകത്ത് അഴുകിയ നിലയിലായിരുന്നു മൃതദേഹം. മരണപ്പെട്ടയാളും പേരക്കുട്ടി നിഖിലും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുത്തഛന്റെ പെന്‍ഷനായിരുന്നു വരുമാനം. 'മുത്തച്ഛന്‍ കിടപ്പിലായിരുന്നെന്നും മൂന്നു ദിവസം മുന്‍പ് അനാരോഗ്യംമൂലം മരിച്ചുവെന്നും നിഖില്‍ പോലിസിനോട് പറഞ്ഞു. മരണശേഷം, ആദ്യം ശരീരം ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ് പിന്നീട് ഫ്രിഡ്ജില്‍ സൂക്ഷിച്ചു. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് പണമില്ലാത്തതിനാലാണ് ഇത് ചെയ്തതെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ മുത്തഛന്‍ മരിച്ചതായി അറിഞ്ഞാല്‍ വരുമാനമായ പെന്‍ഷന്‍ മുടങ്ങുമെന്ന് കരുതിയിട്ടാകും യുവാവ് മൃതദേഹം ഒളിപ്പിച്ചത് എന്നാണ് പോലിസിന്റെ നിഗമനം.