ആശ്രിത നിയമനം; അന്തരിച്ച മുന്‍ എംഎല്‍എയുടെ മകന്റെ നിയമനവും നിയമകുരുക്കിലേക്ക്
പാലക്കാട്: അന്തരിച്ച മുന്‍ എം.എല്‍.എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന് പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസി. എന്‍ജിനിയറായി നിയമനം നല്‍കിയത് ഹൈക്കോടതി റദ്ദാക്കിയതോടെ, നിയമസഭാംഗമായിരിക്കെ മരിച്ച കെ വി വിജയദാസിന്റെ രണ്ടാമത്തെ മകന്‍ കെ വി സന്ദീപിന് പാലക്കാട് ജില്ലയില്‍ ഓഡിറ്ററായി നിയമനം നല്‍കിയതും നിയമക്കുരുക്കിലാകുന്നു.
പാലക്കാട് കളക്ടറുടെ ശുപാര്‍ശയില്‍, വിരമിക്കല്‍ കാരണം ഒഴിവുവന്ന തസ്തികയിലാണ് ബിരുദധാരിയായ സന്ദീപിനെ ജൂലായ് 28ന് ആശ്രിത നിയമനത്തിന്റെ മറവില്‍ ജോലിയില്‍ കയറ്റിയത്. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയാണ് നിയമനം നടത്തിയത്.
2011ലും 2016ലും കോങ്ങാട് മണ്ഡലത്തില്‍ നിന്ന് സി.പി.എം പ്രതിനിധിയായാണ് വിജയദാസ് നിയമസഭയിലെത്തിയത്. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് മാത്രമേ ചട്ടപ്രകാരം സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം നല്‍കാനാവൂ. മരിച്ചയാള്‍ ജോലി ചെയ്തിരുന്ന വകുപ്പിലെ ക്ലാസ്3, ക്ലാസ്4 തസ്തികകളില്‍ നിലവിലുള്ളതോ അടുത്ത് ഉണ്ടാകാവുന്നതോ ആയ ഒഴിവിലേക്കാണ് നിയമനം നല്‍കേണ്ടത്. ഓരോ വര്‍ഷവും വകുപ്പുകളിലുണ്ടാവുന്ന ആകെ ഒഴിവുകളുടെ അഞ്ച് ശതമാനം മാത്രമായിരിക്കണം അതെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്.
പൊതുതസ്തികകളില്‍ അപേക്ഷിച്ചവര്‍ക്ക് യോഗ്യതയ്ക്ക് അനുസരിച്ച് സാങ്കേതിക തസ്തികകളിലടക്കം ഇപ്പോള്‍ നിയമനം നല്‍കുന്നുണ്ട്. അഞ്ച് ശതമാനം പരിധി ലംഘിച്ച് ആശ്രിതനിയമനം നടക്കുന്നതായി 2017-2020ലെ നിയമനങ്ങള്‍ പരിശോധിച്ച് ശമ്പളപരിഷ്‌കരണ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കളക്ടറേറ്റിലെ 515നിയമനങ്ങളില്‍ 68ഉം(13.20%), എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിലെ 209 നിയമനങ്ങളില്‍ 28ഉം(13.40%), സംസ്‌കൃതസര്‍വകലാശാലയില്‍ 35നിയമനങ്ങളില്‍ അഞ്ചെണ്ണവും (14.29%), നിയമസഭാ സെക്രട്ടേറിയറ്റില്‍ 131 നിയമനങ്ങളില്‍ 18 എണ്ണവും(13.74%) ആശ്രിതനിയമനമായിരുന്നു.
ആശ്രിതനിയമനം നേടുമ്പോള്‍, ജീവനക്കാരന്റെ മാതാപിതാക്കളെയും അനന്തരാവകാശികളെയും ജീവിതകാലം മുഴുവന്‍ വരെയും, സഹോദരങ്ങളെ പ്രായപൂര്‍ത്തിയാകും വരെയും സംരക്ഷിക്കാമെന്ന് സമ്മതപത്രം നല്‍കണം.
ആശ്രിതനിയമനം സര്‍ക്കാരിന്റെ അധികാരമാണെന്ന് സുപ്രിംകോടതി ഉത്തരവുകളുണ്ടെന്നും ഇത് ചൂണ്ടിക്കാട്ടി അപ്പീല്‍ നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ആശ്രിതനിയമനം ആകെ ഒഴിവുകളുടെ 5 ശതമാനത്തില്‍ അധികമാവരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നിലവിലുണ്ട്. അതിക്രമത്തിനിരയായി മരിക്കുന്ന പട്ടികവിഭാഗക്കാരുടെ ആശ്രിതര്‍ക്ക് മന്ത്രിസഭാ തീരുമാനപ്രകാരം ജോലി നല്‍കുന്നുണ്ട്.