അധികൃതര്‍ തിരിഞ്ഞ് നോക്കിയില്ല; ഡോള്‍ഫിന്റെ ജഡം സംസ്‌ക്കരിച്ച് എസ്ഡിപിഐ വളണ്ടിയര്‍ ടീം
ഇന്നലെ രാവിലെയാണ് ഡോള്‍ഫിന്റെ ജഡം സീറോഡ് കടപ്പുറത്ത് അടിഞ്ഞത്. ഒരാഴ്ച്ചയോളം പഴക്കമുള്ള ശവം ഇന്നലെത്തന്നെ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു.
നീലേശ്വരം: കഴിഞ്ഞ ദിവസം തൈക്കടപ്പുറം സീറോഡ് കടപ്പുറത്ത് കരക്കടിഞ്ഞ ഡോള്‍ഫിന്റെ ജഡം എസ്ഡിപിഐ തീരദേശ മേഖലാ വളണ്ടിയര്‍ ടീം മറവ് ചെയ്തു. ഇന്നലെ രാവിലെയാണ് ഡോള്‍ഫിന്റെ ജഡം സീറോഡ് കടപ്പുറത്ത് അടിഞ്ഞത്. ഒരാഴ്ച്ചയോളം പഴക്കമുള്ള ശവം ഇന്നലെത്തന്നെ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. എന്നാല്‍, ജഡം കരക്കടിഞ്ഞ് ഒരു ദിവസം പിന്നിട്ടിട്ടും അധികൃതര്‍ ആരും ഇവിടെ എത്തുകയോ ഇത് സംസ്‌കരിക്കാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്തില്ല.
ഇതിനിടെ, ദുര്‍ഗന്ധം വമിച്ചു തുടങ്ങുകയും കാക്കകളും മറ്റും കൊത്തിവലിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ പ്രദേശവാസികള്‍ എസ്ഡിപിഐ തീരദേശ മേഖലാ വളണ്ടിയര്‍ ടീം ക്യാപ്റ്റനെ ബന്ധപ്പെടുകയും ഇതനുസരിച്ച് വളണ്ടിയര്‍ ടീം അംഗങ്ങള്‍ ഇന്ന് രാവിലെയോടെ സ്ഥലത്തെത്തി മറവ് ചെയ്യുകയുമായിരുന്നു.
ഏതാണ്ട് 11 അടിയോളം നീളമുള്ള ഈ ഡോള്‍ഫിന് 300 കിലോയോളം തൂക്കം വരുമെന്ന് വളണ്ടിയര്‍ ടീം അംഗങ്ങള്‍ പറഞ്ഞു. സിടി മുബാറക്, എന്‍പി അഫ്‌സല്‍, പിവി റാഷിദ്, സാബിര്‍ എന്‍പി മഹറൂഫ് പിവി എന്നിവര്‍ നേതൃത്വം നല്‍കി.