ജുമുഅ നമസ്‌കാരത്തിന് വിലക്ക്; കണ്ണമംഗലം പഞ്ചായത്ത് അധികൃതര്‍ ഇറക്കിയ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കുക: എസ് ഡിപിഐ

ഒരു കണ്ടെയ്ന്‍മെന്റ് വാര്‍ഡ് പോലുമില്ലാത്ത പഞ്ചായത്തിലാണ് ഇത്തരത്തിലുള്ള ധിക്കാരവും ജനങ്ങളെ ഭീതിപ്പെടുത്തുന്നതുമായ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

Update: 2020-08-21 10:03 GMT

വേങ്ങര: കണ്ണമംഗലം പഞ്ചായത്ത് അധികൃതര്‍ യാതൊരു ചട്ടങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെ പഞ്ചായത്തിലെ മൊത്തം പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം നിര്‍ത്തിവയ്ക്കാനാവശ്യപ്പെട്ട് ഇറക്കിയ അന്യായമായ സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് എസ് ഡിപിഐ. ഒരു കണ്ടെയ്ന്‍മെന്റ് വാര്‍ഡ് പോലുമില്ലാത്ത പഞ്ചായത്തിലാണ് ഇത്തരത്തിലുള്ള ധിക്കാരവും ജനങ്ങളെ ഭീതിപ്പെടുത്തുന്നതുമായ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

ഒറ്റപ്പെട്ട ചില രോഗികള്‍ മാത്രമാണ് പഞ്ചായത്തിലുള്ളത്. പല മഹല്ല് നേതൃത്വങ്ങളും രോഗവ്യാപനം കൂടുതലുള്ളിടത്ത് സ്വമേധയാ പള്ളികള്‍ അടച്ചിടുന്നുണ്ട്. വളരെ കൃത്യവും കര്‍ശനവുമായ ചട്ടങ്ങള്‍ പാലിച്ചാണ് എല്ലാ പള്ളികളിലും ആരാധനാകര്‍മങ്ങള്‍ നടക്കുന്നത്.

എന്നാല്‍, പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പല പൊതുചടങ്ങുകളും നടന്നത് കൊവിഡ് ചട്ടം ലംഘിച്ചായിരുന്നു. 17ന് പഞ്ചായത്തിലെ ഒരു പ്രദേശത്ത് നടന്ന സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണനും ജനപ്രതിനിധികളും ഉള്‍പ്പടെ നൂറില്‍പരം ആളുകളാണ് പങ്കെടുത്തത്.

കൊവിഡ് ചട്ടങ്ങളെല്ലാം ലംഘിച്ച് രോഗവ്യാപനത്തിനിടയാക്കുന്ന തരത്തിലാണ് ചടങ്ങ് നടന്നത്. മറുഭാഗത്താവട്ടെ ജനങ്ങളുടെ ന്യായമായ മൗലികാവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തില്‍ ധിക്കാരം നിറഞ്ഞ തീരുമാനത്തില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും പഞ്ചായത്ത് അധികൃതര്‍ ഉടന്‍ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും എസ് ഡിപിഐ കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. 

Tags:    

Similar News