കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ പരിധിയില്‍ വരില്ല; സാകിർ നായിക്കിനെതിരേ റെഡ് കോര്‍ണര്‍ നോട്ടിസയക്കാന്‍ വിസമ്മതിച്ച് ഇന്റര്‍പോള്‍
ന്യൂഡല്‍ഹി: ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന് നാണക്കേടുണ്ടാക്കിക്കൊണ്ട് സാകിർ നായിക്കിനെതിരേ നോട്ടിസയക്കാന്‍ വിസമ്മതിച്ച് ഇന്റര്‍പോള്‍. മതപ്രചാരണവും അതിലൂടെ പണം സമ്പാദിക്കുന്നതും കള്ളപ്പണം വെളുപ്പിക്കുകയെന്ന കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഇന്റര്‍പോള്‍ ഡോ. നായിക്കിനെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ നല്‍കിയ അറിയിപ്പിന് മറുപടി പറഞ്ഞു.
മതപ്രചാരണവും മതപ്രചാരണത്തിലൂടെ പണം സമ്പാദിക്കുന്നതും കുറ്റകരമായി കാണുന്നത് ശരിയല്ലെന്നും കളളപ്പണം വെളുപ്പിക്കുന്നതിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമല്ലെന്നുമാണ് അന്താരാഷ്ട്ര ക്രിമിനല്‍ പോലിസ് ഓര്‍ഗനൈസേഷന്‍(ഇന്റര്‍പോള്‍) അറിയിച്ചത്.
തന്റെ പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും ഡോ. നായിക്ക് രാജ്യത്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. പ്രഭാഷണത്തിലൂടെ പണം ദാനംചെയ്യാന്‍ ആവശ്യപ്പെടുന്നത് ഒരു കുറ്റകൃത്യമായി കാണാനാവില്ല. മാത്രമല്ല, സക്കീര്‍നായിക്കിന്റെ പ്രസംഗങ്ങളും അത് ഏതെങ്കിലും തരത്തില്‍ സംഘര്‍ഷത്തിന് കാരണമായെന്നുമുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ഇന്റര്‍പോളിന്റെ അറിയിപ്പില്‍ പറയുന്നു.
ഡോ. നായിക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫയലുകളില്‍ നിന്ന് നീക്കം ചെയ്യാനും ഏജന്‍സി നിര്‍ദേശിച്ചു.
ജനുവരി 25 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ചേര്‍ന്ന ഇന്റര്‍പോള്‍ പാനലാണ് തീരുമാനമെടുത്തതെന്ന് നായിക്കിന്റെ അഭിഭാഷകന്‍ എസ് ഹരി ഹരന്‍ പറഞ്ഞു.
നിലവില്‍ നായിക്ക് മലേഷ്യയിലാണ് താമസിക്കുന്നത്. മലേഷ്യന്‍ സര്‍ക്കാരുമായി അദ്ദേഹത്തിന് ശക്തമായ ബന്ധവുമുണ്ട്.
2016 ജൂലെ 1ാം തിയ്യതി ബംഗ്ലാദേശിലെ ധക്കയിലെ ആക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളുടെ ഫെയ്‌സ്ബുക്ക് വാളില്‍ സക്കീര്‍നായിക്കിന്റെ പ്രസംഗങ്ങള്‍ ഷെയര്‍ചെയ്തിട്ടുണ്ടെന്ന ബംഗ്ലാദേശ് പത്രത്തിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് സക്കീര്‍നായിക്കിനെ പ്രതിചേര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ കേസ് ഉണ്ടാക്കിയത്. അതേസമയം ഡോ. നായിക്കിന്റെ പ്രസംഗങ്ങള്‍ സ്‌ഫോടനം നടത്തിയവരെ സ്വാധീനിച്ചിട്ടില്ലെന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ച ഡെയ്‌ലി സ്റ്റാര്‍ പിന്നീട് വെളിപ്പെടുത്തി.