സാക്കിര്‍ നായിക്കിന്റെ ഹരജി; സുപ്രിം കോടതിയെ സമീപിക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ വാദം തള്ളി സുപ്രിം കോടതി

ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Update: 2024-10-17 05:47 GMT

ന്യൂഡല്‍ഹി: ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ ഹരജി പരിഗണിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം തള്ളി സുപ്രിം കോടതി. ഇതോടെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സാക്കിര്‍ നായിക്കിന്റെ പേരില്‍ വിവിധ സംസ്ഥാനങ്ങളിലായുള്ള കേസുകള്‍ ഏകീകരിക്കണമെന്ന നായിക്കിന്റ ഹരജി അടുത്ത ബുധനാഴ്ച്ച സുപ്രീം കോടതി പരിഗണിക്കും.

രാജ്യത്ത് നിന്ന് ഒളിച്ചോടിയ പ്രതിക്ക് ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം സുപ്രീം കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

എതിര്‍പ്പ് ഉന്നയിച്ച കേന്ദ്രസര്‍ക്കാരിന് വേണമെങ്കില്‍ അത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, അഹ്സാനുദ്ദീന്‍ അമനുല്ല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ സാക്കിര്‍ നായിക്കിന്റ പേരില്‍ നിലവിലില്‍ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രത്തോട് കോടതി ആരായുകയും ചെയ്തു.

നിലവില്‍ മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി 43 കേസുകള്‍ നായിക്കിന്റെ പേരിലുള്ളതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആദിത്യ സോദി കോടതിയെ അറിയിച്ചിരിക്കുന്നത്. അതേസമയം സാക്കിര്‍ നായിക്ക് കോടതിയില്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് സോളിസിറ്റര്‍ ജനറല്‍ പ്രതികരിച്ചു. 2016ല്‍ കേന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് അഞ്ച് വര്‍ഷത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ മലേഷ്യയില്‍ സ്ഥിരതാമസക്കാരനാണ് സാക്കിര്‍.


Tags:    

Similar News