സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; 'എമര്‍ജന്‍സി' റിലീസ് മാറ്റി

Update: 2024-09-06 10:41 GMT

മുംബൈ: ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണൗട്ടിന്റെ 'എമര്‍ജന്‍സി'യുടെ റിലീസ് നീട്ടി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ അനുമതി ലഭിക്കാത്തതിനാലാണു റിലീസ് നീട്ടിയതെന്നു കങ്കണ തന്റെ എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചു. സിനിമയ്‌ക്കെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന എതിര്‍പ്പുകള്‍ സെപ്റ്റംബര്‍ 18നകം തീര്‍പ്പാക്കണമെന്നാണു ബോംബെ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനോടു നിര്‍ദേശിച്ചിരിക്കുന്നത്. കങ്കണ തന്നെയാണു സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം, അവര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന കാലയളവ്, 1970 കളില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ, എന്നിവയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിനു ചില സിഖ് വിഭാഗക്കാര്‍ എതിര്‍പ്പ് ഉയര്‍ത്തിയതിനെ തുടര്‍ന്നാണു സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍നിന്നുള്ള എംപിയായ കങ്കണ കര്‍ഷക പ്രതിഷേധത്തെ കുറിച്ചു നടത്തിയ അഭിപ്രായത്തിന്റെ പേരില്‍ നിരവധി സിഖ് സംഘടനകളില്‍നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍നിന്നും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്.




Tags:    

Similar News