ഹൈസ്പീഡ് റെയിലിന് മുന്‍കൂറായി പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ന്യൂഡല്‍ഹി: തിരുവനന്തപുരം - കാസര്‍ഗോഡ് സെമി ഹൈസ്പീഡ് റെയിലിന് മുന്‍കൂറായി പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലുള്ള വ്യവസ്ഥ അനുസരിച്ച് കേരളത്തിന്റെ റെയില്‍ പദ്ധതിക്ക് മുന്‍കൂറായി പരിസ്ഥിതി അനുമതി വേണ്ടെന്നും കേന്ദ്രം പറയുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിലാണ് കേന്ദ്രം ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്. പരിസ്ഥിതി ആഘാതപഠനം സംബന്ധിച്ച 2006ലെ കേന്ദ്ര വിജ്ഞാപനത്തില്‍ റെയില്‍വേയോ റെയില്‍ പദ്ധതികളോ ഉള്‍പ്പെടുന്നില്ല എന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് 2019 ലാണ് കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയത്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ ലൈനുകളാണ് നിര്‍മിക്കുക. നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം റെയില്‍പാതയുടെ സര്‍വേ പൂര്‍ത്തിയായിരുന്നു. അറുപത്തിയാറായിരത്തി എഴുപത്തിയൊമ്പത് കോടിയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.