അട്ടപ്പാടിയില്‍ സമഗ്ര ആരോഗ്യ, സാമൂഹിക സര്‍വ്വെക്കായി സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ
പാലക്കാട്: അട്ടപ്പാടിയിലെ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളെ സംബന്ധിച്ച് സമഗ്രമായ ആരോഗ്യ സാമൂഹിക സര്‍വ്വെ നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. അട്ടപ്പാടിയില്‍ പദ്ധതികളുടെ അപര്യാപ്തതയല്ലെന്നും പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ജീവിത ശൈലി അടിസ്ഥാനമാക്കിയുള്ള പരിപാടികള്‍ കൂടി നടപ്പിലാക്കേണ്ടതുണ്ടെന്നും അധ്യക്ഷ പറഞ്ഞു. സംസ്ഥാന വനിതാ കമ്മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ അട്ടപ്പാടി കില പ്രാദേശിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച മനുഷ്യാവകാശ ദിനാചരണ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അട്ടപ്പാടി മേഖലയില്‍ ഒരേ ഇനത്തില്‍പ്പെടുന്ന വിവിധ പദ്ധതികള്‍ സംയോജിപ്പിച്ച് സമഗ്രമായൊരു പദ്ധതി രൂപീകരിക്കാന്‍ ജില്ലാ പഞ്ചായത്തിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഊരുകളില്‍ സ്വയം തൊഴിലിനുള്ള ഉപാധികള്‍ കണ്ടെത്തി അവരെ പ്രാപ്തമാക്കണം. മദ്യപാനം, പുകയില മുറുക്ക് തുടങ്ങിയ ദുശ്ശീലങ്ങളില്‍ സ്ത്രീകളുള്‍പ്പെടെ ഏര്‍പ്പെടുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ സ്വയം തൊഴിലില്‍ ഏര്‍പ്പെടുന്നത് ഉചിതമാകുമെന്നും കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.