ഇസ്‌ലാമിക നവോത്ഥാനം പാശ്ചാത്യരുടെ വികലവാദങ്ങള്‍
ആധുനിക ലോകത്തിന്റെ ഭാഗമാവാന്‍ ഒരാള്‍ തന്റെ സ്വകാര്യ വ്യക്തിത്വവും പൊതുവ്യക്തിത്വവും തമ്മില്‍ വേര്‍തിരിക്കണമെന്ന ചില പാശ്ചാത്യ ചിന്തകര്‍ കരുതുന്നു. അതുകൊണ്ട് പ്രത്യേക സംസ്‌കാരം നിലനിര്‍ത്തുന്നതിനാല്‍ മുസ്‌ലിംകള്‍ക്ക് ആധുനിക ലോകത്തിന്റെ ഭാഗമാവാന്‍ പറ്റില്ല എന്ന വിചിത്ര വീക്ഷണമാണവര്‍ പുലര്‍ത്തുന്നത്.- ഡോ. ദീനാ അബ്ദുല്‍ ഖാദറിന്റെ പുസ്തകത്തിലൂടെ
ഡോ. ദീനാ അബ്ദുല്‍ ഖാദര്‍
വിവര്‍ത്തനം: കലീം
ഇസ്‌ലാമിക പ്രവര്‍ത്തനത്തെ സാംസ്‌കാരിക പരിപ്രേക്ഷ്യത്തില്‍ പഠിച്ചവര്‍ പലതരം ആശയങ്ങളും മുമ്പോട്ടുവയ്ക്കുന്നുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പാശ്ചാത്യ മൂല്യങ്ങളും സംസ്‌കാരവും തിരസ്‌ക്കരിക്കുന്നതിനാല്‍ അവ എല്ലാ പാശ്ചാത്യമൂല്യങ്ങളുമായും സംഘര്‍ഷത്തിലാണെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. പാശ്ചാത്യ ലോകത്ത് ചര്‍ച്ചും ഭരണകൂടവും തമ്മില്‍ വേര്‍പിരിഞ്ഞതാണ് ജനാധിപത്യവും സമത്വവും ഉറപ്പുവരുത്തുന്ന സാഹചര്യമൊരുക്കിയത് എന്നാണ് അവര്‍ കരുതുന്നത്. ഈ വീക്ഷണം ചിലപ്പോള്‍ ആധുനികവല്‍ക്കരണ വാദത്തോട് ചേര്‍ന്നുനില്‍ക്കുന്നുണ്ട്. ആധുനിക ലോകത്തിന്റെ ഭാഗമാവാന്‍ ഒരാള്‍ തന്റെ സ്വകാര്യ വ്യക്തിത്വവും പൊതുവ്യക്തിത്വവും തമ്മില്‍ വേര്‍തിരിക്കണമെന്ന ചില പാശ്ചാത്യ ചിന്തകര്‍ കരുതുന്നു. അതുകൊണ്ട് പ്രത്യേക സംസ്‌കാരം നിലനിര്‍ത്തുന്നതിനാല്‍ മുസ്‌ലിംകള്‍ക്ക് ആധുനിക ലോകത്തിന്റെ ഭാഗമാവാന്‍ പറ്റില്ല എന്ന വിചിത്ര വീക്ഷണമാണവര്‍ പുലര്‍ത്തുന്നത്. ബസ്സാം തിബി, സിറീന്‍ ഹണ്ടര്‍ തുടങ്ങിയ പണ്ഡിതന്മാര്‍ ഇസ്‌ലാമിക സംസ്‌കാരം തെക്ക്-വടക്ക് സംഘര്‍ഷത്തില്‍ നിന്നുടലെടുത്തതും ആധുനികവല്‍ക്കരണത്തെ തടഞ്ഞുനിര്‍ത്തുന്നതുമായ പ്രതിഭാസമാണെന്നാണ് വാദിക്കുന്നത്. വ്യവസായവല്‍കൃതവും അല്ലാത്തതുമായ പ്രദേശങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണത്.
ഇസ്‌ലാമിക പ്രസ്ഥാനം ദശലക്ഷക്കണക്കിനു സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ലക്ഷ്യബോധവും അഭിവിന്യാസവും നല്‍കുന്ന ലളിതമായ, ശക്തമായ, വിവേകമുള്ള ചിലപ്പോള്‍ ക്രൂരമായ, സാമൂഹികമായി ശക്തിപ്പെടുത്തുന്ന ഒരു പ്രസ്ഥാനമാണ് എന്ന് ഏണസ്റ്റ് ഗെല്‍നര്‍ എഴുതുന്നു. അവരില്‍ പലരും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നവരും ഭരണകൂടത്തിന്റെ കടുത്ത പീഡനത്തിന്നിരകളുമാണ്. സ്വന്തം മതവിശ്വാസത്തിന്റെ പഴയ, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഉന്നത സംസ്‌കാരവുമായി താദാത്മ്യം പ്രാപിക്കാന്‍ വെമ്പുകയാണവര്‍. യഥാര്‍ഥ പാതയില്‍നിന്നു വ്യതിചലിച്ചതുകൊണ്ടാണ് തങ്ങള്‍ ദരിദ്രരും അപമാനിതരുമായതെന്നവര്‍ കരുതുന്നു. എന്നാല്‍ ഈ വീക്ഷണം പക്ഷെ, അമിതമായി ലളിതവല്‍ക്കരിച്ചതും വസ്തുതകളുടെ പിന്‍ബലമില്ലാത്തതുമാണ്. ഗെല്‍നര്‍ പറയുന്നപോലെ പരമദരിദ്രരല്ല ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ചേക്കേറുന്നത്. അതു സാമൂഹികമായും സാമ്പത്തികമായും പല തലങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്നു. അധസ്ഥിതാവസ്ഥ, അപമാനനം, ശിഥിലീകരണം, വിവേചനം എന്നിവകൊണ്ടല്ല പലരും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്.
ജനങ്ങളുടെ അസംതൃപ്തി
ഇസ്‌ലാമിക പ്രവര്‍ത്തനം പൊതുജനങ്ങളില്‍ കാണുന്ന അസംതൃപ്തിയില്‍ നിന്നാണ് ജന്‍മമെടുക്കുന്നത് എന്നതാണ് മൂന്നാമത്തെ വീക്ഷണം. പലതരം ഘടകങ്ങള്‍ അതിന്ന് പ്രചോദനമായി എന്നാണ് ചില ഗ്രന്ഥകാരന്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. അവരില്‍ ഭൂരിപക്ഷവും ഇറാന്‍ വിപ്ലവത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. അസംതൃപ്തി എന്ന സങ്കല്‍പ്പം ചര്‍ച്ചചെയ്യുമ്പോള്‍ വികസനപ്രശ്‌നങ്ങള്‍, സാംസ്‌കാരിക ഭിന്നതകള്‍, അടിസ്ഥാനാവശ്യങ്ങള്‍, മനുഷ്യാവകാശങ്ങള്‍ തുടങ്ങി പലതും കടന്നുവരുന്നു. ഇറാനിയന്‍ വിപ്ലവത്തെക്കുറിച്ചെഴുതിയ ഹമീദ് ഒബാശി അസംതൃപ്തി ഒരു പ്രധാന ഘടകമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ആഫ്രിക്കന്‍ ഇസ്‌ലാമിനെക്കുറിച്ചു ഗവേഷണം നടത്തിയ സുദാനി പണ്ഡിതന്‍ അസീസ് ബത്‌റാന്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചരിത്രം ക്രി.വ. എട്ടാം നൂറ്റാണ്ടുതൊട്ട് തുടങ്ങുന്നുവെന്നു പറയുന്നു. ആഫ്രിക്കന്‍ മുസ്‌ലിംകള്‍ പ്രതിസന്ധികള്‍ നേരിട്ടപ്പോഴൊക്കെ പരിഹാരത്തിന്നായി അവര്‍ ഇസ്‌ലാമിനെയാണ് ആശ്രയിച്ചത്. മഹ്ദി, മുജദ്ദിദ് എന്നീ പദവികള്‍ അവകാശപ്പെട്ടുകൊണ്ട് ആഫ്രിക്കന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച ചരിത്രപുരുഷന്‍മാര്‍ ജനങ്ങളുടെ ദുരിതങ്ങള്‍ക്കും ദേശീയ വികാരങ്ങള്‍ക്കേറ്റ തിരിച്ചടികള്‍ക്കും പരിഹാരമായി ഇസ്‌ലാമിനെയാണ് ആശ്രയിച്ചത്. ആധുനികവല്‍ക്കരണത്തിന്റെ എതിരാളികള്‍ എന്ന സ്ഥാപിത നിലപാടുകളില്‍നിന്നു വ്യത്യസ്തമായ ഒരു വീക്ഷണമായിരുന്നു അത്. ജനകീയ ദുരിതങ്ങളുണ്ടാക്കുന്ന അമര്‍ഷം ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നു. അമേരിക്കന്‍ രാഷ്ട്രമീമാംസകനായ എല്ലിസ് ഗോള്‍ഡ്‌ബെര്‍ഗ് മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ ക്രൈസ്തവ പരിഷ്‌കര്‍ത്താവായ കാല്‍വിന്റെ ആശയങ്ങളുമായി താരതമ്യം ചെയ്യുന്നു. ഈജിപ്ത് ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്നപ്പോള്‍ നാണ്യപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും ഉല്‍പ്പാദനത്തിലുള്ള തകര്‍ച്ചയും ചേരികളുടെ വ്യാപനവും ദരിദ്രരും ധനികരും തമ്മിലുള്ള വിടവും രൂക്ഷമായിരുന്നുവെന്ന് ഗോള്‍ഡ്ബര്‍ഗ് രേഖപ്പെടുത്തുന്നു. എങ്കിലും ബ്രദര്‍ഹുഡ് കൂടുതല്‍ സ്വാധീനം നേടിയ അമ്പതുകളില്‍ രാജ്യത്ത് സാമ്പത്തിക നില മെച്ചപ്പെടുകയാണുണ്ടായത്. അതായത് സാമ്പത്തിക പ്രതിസന്ധിയെന്നതിനേക്കാള്‍ ജമാല്‍ അബ്ദുന്നാസറിന്റെ നേതൃത്വത്തിലുള്ള അധികാര കേന്ദ്രീകരണവും വിശിഷ്ടവര്‍ഗത്തിന്റെ സ്വേച്ഛാധികാരവും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കു ശക്തിപകര്‍ന്നിട്ടുണ്ട്.
(ഈജിപ്തില്‍ ജനിച്ച ലേഖിക പല അമേരിക്കന്‍ സര്‍വകലാശാലകളിലും അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്)