പള്ളുരുത്തിയില്‍ കാണാതായ എഎസ്‌ഐ തിരിച്ചെത്തി
ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഇന്നലെ പോലിസില്‍ പരാതി നല്‍കിയിരുന്നു. വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാര്‍ നാടുവിട്ടതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ കാണാതായ എഎസ്‌ഐ തിരിച്ചെത്തി. ഹാര്‍ബര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഉത്തംകുമാറാണ് ഇന്നു രാവിലെയോടെ തിരിച്ചെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ഇന്നലെ പോലിസില്‍ പരാതി നല്‍കിയിരുന്നു. വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാര്‍ നാടുവിട്ടതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
ഉത്തംകുമാര്‍ ഇന്ന് രാവിലെയാണ് തിരികെ വീട്ടിലെത്തിയത്. ഇതറിഞ്ഞ പോലിസ് വീട്ടിലെത്തി ഉത്തംകുമാറിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു വന്നു. തനിക്ക് മാത്രമായി മെമ്മോ ലഭിച്ചതിന്റെ വിഷമത്തില്‍ ആണ് നാട് വിട്ടതെന്ന് എഎസ്‌ഐ പറഞ്ഞതായി പള്ളുരുത്തി സിഐ പറഞ്ഞു. ഗുരുവായൂര്‍ ആയിരുന്നു എന്നാണ് എഎസ്‌ഐ മൊഴി നല്‍കിയത്. സ്ഥിരമായി താമസിച്ച് ഡ്യൂട്ടിക്ക് വരുന്നതിനാലാണ് ഉത്തംകുമാറിന് മെമ്മോ നല്‍കിയത് എന്നും സിഐ പറഞ്ഞു.
ഇന്നലെ രാവിലെ മുതലാണ് ഹാര്‍ബര്‍ പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയ ഉത്തംകുമാറിനെ കാണാതായത്. വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സിഐ ഹാജര്‍ ബുക്കില്‍ ഉത്തംകുമാര്‍ അബ്‌സെന്റ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് വീട്ടില്‍ മടങ്ങി എത്തിയ ഉത്തംകുമാറിന് വൈകീട്ടോടെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. വിശദീകരണം നല്‍കാന്‍ വെള്ളിയാഴ്ച രാവിലെ സ്‌റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.
ദീപയുടെ പരാതിയില്‍ പള്ളുരുത്തി പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് എഎസ്‌ഐ തിരികെയെത്തിയത്. സിഐ മാനസികമായി പീഡിപ്പിച്ചെന്ന വാദം പോലിസ് തള്ളി. വൈകിയെത്തിയതിനാല്‍ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്ന് സിഐ വ്യക്തമാക്കിയിരുന്നു.