മാളയിലെ യഹൂദ സെമിത്തേരിയില്‍ കായിക യുവജന കാര്യാലയം സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡുകള്‍ നീക്കം ചെയ്തു

Update: 2022-08-23 14:29 GMT

മാള: മാളയിലെ യഹൂദ സെമിത്തേരിയില്‍ കായിക യുവജന കാര്യാലയം സ്ഥാപിച്ചിരുന്ന നെയിം ബോര്‍ഡുകള്‍ നീക്കം ചെയ്തു. മാള ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള യഹൂദ സെമിത്തേരി 2017 മുതല്‍ കേരള സര്‍ക്കാര്‍ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത ചരിത്ര സ്മാരകമാണ്. തുടര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാരിന്റെ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

2013ല്‍ തുടങ്ങിവച്ച സ്‌റ്റേഡിയം നിര്‍മ്മാണപദ്ധതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിനെ തുടര്‍ന്ന് 2016ല്‍ നിര്‍ത്തിവച്ചിരുന്നു.

ഇസ്രായേലി സര്‍ക്കാരും അംബാസഡറും സെമിത്തേരിയിലെ സ്‌റ്റേഡിയം നിര്‍മ്മാണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. യഹൂദ സെമിത്തേരിയെ 2017ല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതിന്റെയും പിന്നീടുണ്ടായ കോടതി വിധികളുടേയും അടിസ്ഥാനത്തില്‍ സ്‌റ്റേഡിയം നിര്‍മ്മാണ പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ചു കൊണ്ട് 2020 ജൂണില്‍ കേരള സര്‍ക്കാര്‍ ഉത്തരവിട്ടു.

യഹൂദ സെമിത്തേരിയെ സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജി 2022 ഏപ്രില്‍ മാസത്തില്‍ ഹൈക്കോടതി തള്ളി. തുടര്‍ന്ന് മുസിരിസ് പൈതൃക പദ്ധതി യഹൂദ സെമിത്തേരിയില്‍ നടപ്പാക്കുന്ന സംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.

കോടതി വിധികളുടേയും സര്‍ക്കാര്‍ ഉത്തരവുകളുടേയും അടിസ്ഥാനത്തില്‍ ഉപേക്ഷിച്ച പദ്ധതിയുടെ ബോര്‍ഡുകള്‍ സംരക്ഷിത സ്മാരകത്തില്‍ നിലനിറുത്തുന്നത് നിയമവിരുദ്ധവും കോടതിയലക്ഷ്യവുമായ നടപടിയാകുമെന്നതുകൊണ്ടാണ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ സ്‌പോര്‍ട്‌സ് വകുപ്പധികൃതര്‍ തീരുമാനിച്ചത്. ആഗസ്റ്റ് 27ാം തീയതിക്ക് മുന്‍പായി മേല്‍പ്പറഞ്ഞ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്ത് അക്കാര്യം കോടതിയെ അറിയിക്കണമെന്ന് മറ്റൊരു കോടതി ഉത്തരവു കൂടി ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അധികൃതര്‍ ബോര്‍ഡുകള്‍ നീക്കം ചെയ്തിരിക്കുന്നത്.

സ്വപ്നപദ്ധതി ആയ സ്‌പോര്‍ട്‌സ് അക്കാദമിയുടെ പേര് മാറ്റുന്നത് കെ കരുണാകരനെ പരസ്യമായി അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് പറഞ്ഞു. കെ കരുണാകരനെ അപമാനിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളായ ജോഷി കാഞ്ഞൂത്തറ, യദു കൃഷ്ണ, ജിയോ ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രതിഷേധിച്ചു.

Tags:    

Similar News