ജനങ്ങളുടെ അശ്രദ്ധ കൂടുന്നു; പോസിറ്റിവിറ്റി നിരക്കിലെ വര്‍ധന വലിയ വെല്ലുവിളിയെന്ന് ആലപ്പുഴ ജില്ലാ ഭരണകൂടം
ആലപ്പുഴ: ജില്ലയിലെ കൊവിഡ് കണക്കുകള്‍ സൂചിപ്പിക്കുന്നത് രോഗവ്യാപനത്തിന്റെ തീവ്രത മാത്രമല്ല, ജനങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ കൂടിയാണെന്ന് ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പോലിസും മറ്റ് വകുപ്പുകളും കൊവിഡ് വ്യാപനത്തിന്റെ തീവ്രത കുറയ്ക്കാന്‍ വേണ്ടി അക്ഷീണം പരിശ്രമിക്കുമ്പോള്‍ ജനങ്ങളുടെ ഭാഗത്തുനിന്ന് വേണ്ടത്ര ജാഗ്രത ഉണ്ടാകാത്തതാണ് കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ജില്ലയില്‍ ഇതുവരെ ഏഴ് പഞ്ചായത്തുകളാണ് അതിതീവ്ര കൊവിഡ് വ്യാപനം കാരണം മുഴുവനായി കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. പെരുമ്പളം, ചേന്നം പള്ളിപ്പുറം, ആര്യാട്, കരുവാറ്റ, ചെറുതന, പട്ടണക്കാട്, എഴുപുന്ന എന്നിവയാണ് പൂര്‍ണമായും കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. കഴിഞ്ഞയാഴ്ച ജില്ലയിലാകെ 32,439 പേരായിരുന്നു ക്വാറന്റൈനില്‍ ഇരുന്നത്. ഇന്നലത്തെ (മെയ് 6) കണക്ക് പ്രകാരം അത് 44,916 പേരായി ഉയര്‍ന്നു. ഏപ്രില്‍ 30 ന് 15,833പേരായിരുന്നു ജില്ലയില്‍ ആകെ ചികിത്സയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഒരാഴ്ച്ച പിന്നിട്ട്, ഇന്നലെയത് 3,833 പേര്‍ ആയി ഉയര്‍ന്നു. ജില്ലയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഇന്നലെ ആദ്യമായി മൂവായിരവും കടന്നു. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. 29.43 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് 150 ലേറെ കേസുകളാണ് ഈ മാസം ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്തത്. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലും പ്രതിദിനം ആയിരത്തിലേറെ പേര്‍ക്ക് മാസ്‌ക് ധരിക്കാത്തതിന് മാത്രം പോലീസ് പിഴ ചുമത്തുന്നുണ്ട്. വളരെയധികം ആളുകളാണ് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥലങ്ങളിലും പോലിസിന്റെ ശ്രദ്ധയില്‍ പെടാതെ മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ളത്. മെയ് 6നു മാത്രം 1,135 പേര്‍ക്കാണ് മാസ്‌ക് ധരിക്കാത്തതിന് പോലിസ് പിഴ ചുമത്തിയത്. സാമൂഹിക അകലം പാലിക്കാത്തതിന് ജില്ലയില്‍ ഇന്നലെ 687 പേര്‍ക്കും പിഴ ചുമത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങളില്‍ ഒരു വിഭാഗം വരുത്തുന്ന അലംഭാവം കൊവിഡ് പ്രതിരോധത്തിനായി അധ്വാനിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പോലിസ്, എന്നിവരുടെ പ്രയത്‌നത്തിനും വെല്ലുവിളി ഉയര്‍ത്തുകയാണെന്നും കലക്ടര്‍ പറഞ്ഞു.