കുഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കളിക്കാനും ചിത്രങ്ങള്‍ ആസ്വദിക്കാനും പാര്‍ക്ക് ഒരുങ്ങുന്നു
മാള: വര്‍ണ്ണചിത്രങ്ങള്‍ക്കൊപ്പം തണലൊരുക്കി നില്‍ക്കുന്ന മരങ്ങളും ചെടികളും പുല്‍ത്തകിടിയും, കൂട്ടത്തില്‍ രണ്ട് ഊഞ്ഞാലുകളും. കുഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കളിക്കാനും ചിത്രങ്ങള്‍ ആസ്വദിക്കാനും പാര്‍ക്ക് ഒരുങ്ങുകയാണ്. ആശുപത്രിയില്‍ രോഗികളായി എത്തുന്നവര്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്കും വേണ്ടിയാണ് പാര്‍ക്ക് ഒരുക്കുന്നത്. ഒരുക്കം അവസാനഘട്ടത്തിലാണ്.
ഭിത്തിയില്‍ ചിത്രംവരച്ച് മനോഹരമാക്കിയിട്ടുണ്ട്. ഐരാണിക്കുളം തട്ടാന്‍പറമ്പില്‍ ആര്‍ട്ടിസ്റ്റ് രാജനാണ് ചിത്രങ്ങള്‍ വരക്കുന്നത്. വിരമിച്ച നഴ്‌സിംഗ് അസിസ്റ്റന്റ് സി എസ് ശ്രീകലയാണ് ഊഞ്ഞാല്‍ നല്‍കിയത്. കുഴൂര്‍ ഗ്രാമപഞ്ചായത്തും നല്ല രീതിയില്‍ സഹായം നല്‍കുന്നുണ്ടെന്ന് ഡോ. മനു മാത്യു പറഞ്ഞു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജന്‍ കൊടിയന്‍, വാര്‍ഡ് മെമ്പര്‍ സന്തോഷ്‌കുമാര്‍ പുതുവാക്കാട്ട് എന്നിവര്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് പാര്‍ക്ക് യഥാര്‍ത്ഥ്യമാക്കുന്നത്. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ആശുപത്രി വികസനസമിതിയില്‍നിന്നുള്ള സഹായം കൂടി ഉപയോഗിച്ചാണ് സൗകര്യങ്ങള്‍ മികവുറ്റതാക്കുന്നത്. ആശുപത്രി കവാടത്തിനോട് ചേര്‍ന്നുള്ള ഭാഗത്താണ് പാര്‍ക്ക് ഒരുക്കുന്നത്. അടുത്ത ആഴ്ചയോടെ തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ട അധികൃതരറിയിച്ചു.