അബൂദബി: ഡോമിനോസ് പിസ്സ മധ്യപൂര്‍വദേശം മുഴുവന്‍ നടപ്പില്‍ വരുത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പിസ്സ അല്‍ ഖൈര്‍ പദ്ധതി യുഎഇയിലും നടപ്പാക്കും. അക്കാഫും വതനി അല്‍ എമാറാത് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിലെ കോളേജുകളിലെ പൂര്‍വ വിദ്യാര്‍ഥി അലുംനികളുടെ മാതൃ കൂട്ടായ്മയായ ഓള്‍ കേരള കോളേജസ് അലുംനി ഫോറം അക്കാഫ്, ഡോമിനോസ് പിസ്സ, വതാനി അല്‍ ഇമാറത്ത് എന്നിവ സംയുക്തമായി ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് പിസ്സയും ആഹാര സാധാരണങ്ങളും വിതരണം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടുണ്ട്.
മുപ്പതു ലക്ഷത്തിലധികം പിസ്സയാണ് ദിനംപ്രതി ഡോമിനോസ് പിസ്സ ലോകമാകമാനം വിതരണം ചെയ്യുന്നത്. മുപ്പതിനായിരത്തിലധികം പിസ്സ റമദാന്‍ ദിനങ്ങളില്‍ ലേബര്‍ ക്യാമ്പുകളിലേക്ക് വിതരണത്തിനായി തയാറാക്കുന്നുണ്ട്. റമദാനില്‍ ആരും പട്ടിണിയിലാകരുതെന്ന ഇസ്‌ലാമിക തത്വമാണ് പദ്ധതിയുടെ ഊര്‍ജം. പിസ്സയോടൊപ്പം മറ്റു ആഹാര സാധനങ്ങളും എത്തിക്കുന്നുണ്ട്. അല്‍മരൈ, മൊമാന്‍ വാട്ടര്‍, എന്‍ടിഡിഇ, ഹോട്ട്പാക് തുടങ്ങിയ കമ്പനികളും അവരുടെ ഉല്‍പ്പന്നങ്ങള്‍ വിതരണത്തിനായി എത്തിക്കുന്നുണ്ട്. പൂര്‍ണമായും കൊവിഡ് നിബന്ധനകള്‍ പാലിച്ചു കൊണ്ട് നിര്‍മിക്കുന്ന ആഹാര സാധനങ്ങള്‍ വിതരണം ചെയ്യാന്‍ അക്കാഫ് വോളന്റിയേഴ്‌സ് നിരവധി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓരോ ഉപഭോക്താവും പിഎഫ്ജി വെബ്സൈറ്റില്‍ ചിലവഴിക്കുന്ന ഓരോ ദിര്‍ഹമും പിസ്സയായി പുനരാവിഷ്‌കരിച്ച് അര്ഹരായവരിലെത്തിക്കുന്ന അദ്വിതീയമായ ജീവ കാരുണ്യ പ്രവര്‍ത്തിയാണ് പ്രതിബദ്ധതയോടെ അകാഫുമായി ചേര്‍ന്ന് ഇപ്പോള്‍ യു എ എയില്‍ നടപ്പിലാക്കിയതെന്നു ഡോമിനോസ് പിസ്സ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശോബിത് ടണ്ഠന്‍ അഭിപ്രായപ്പെട്ടു. ഉപരിപ്ലവമായ ചെറിയ ബോധ്യപ്പെടുത്തലുകള്‍ക്കപ്പുറം നന്മയും സ്‌നേഹവും കരുതലും വിളിച്ചോതുന്ന ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ അക്കാഫ് നിരന്തരം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒറ്റപെട്ടു പോയ സമൂഹത്തിനു എന്നും കൈത്താങ്ങാവുമെന്നു അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. ആയിരത്തിലധികം പിസ്സ ദിനം പ്രതി അര്‍ഹരായവരിലെത്തിക്കുന്ന ബൃഹത്തായ പദ്ധതിയാണ് അക്കാഫ് ഏറ്റെടുത്തു നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത് എന്നു ഡൊമിനൊസ് ഫിനാന്‍സ് മേധാവി മഹേഷ് കൃഷ്ണന്‍ പറഞ്ഞു.
പുണ്യ മാസത്തെ പൂര്‍ണമായ അര്‍ത്ഥത്തോടെ സമീപിക്കാനും അര്‍ഹരായ സമൂഹത്തോട് ഒത്തു ചേരാനും മറ്റുള്ളവരിലേക്ക് മനുഷ്യത്വപരമായ നന്മകള്‍ ചേര്‍ത്തുവെക്കാനും ഡോമിനോസ് ഒരുക്കിയ ഈ പ്രവര്‍ത്തി മൂലം കഴിഞ്ഞെന്നു അക്കാഫ് ചെയര്മാന് ഷാഹുല്‍ ഹമീദ് പറഞ്ഞു. വിവിധ പ്രവര്‍ത്തികളിലൂടെ നിരന്തര സാന്നിധ്യം ഉറപ്പാക്കുന്ന അക്കാഫ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ദിശാ ബോധം നല്‍കാനും സ്വയം വിമര്‍ശന വിധേയമാകാനും കഴിയുന്ന പുണ്യപ്രവര്‍ത്തികളിലൊന്നായിരുന്നു ഡോമിനോസുമായി സഹകരിക്കാന്‍ കഴിഞ്ഞതെന്ന് അക്കാഫ് പ്രസിഡന്റ് ചാള്‍സ് പോള്‍ സൂചിപ്പിച്ചു.
അക്കാഫ് ട്രെഷറര്‍ റിവ ഫിലിപ്പോസ്, അക്കാഫ് ജോയിന്റ് സെക്രട്ടറി മനോജ് കെ വി, അക്കാഫ് ടാസ്‌ക് ഫോഴ്‌സ് ജന.കണ്‍വീനര്‍ കോശി ഇടിക്കുള, അക്കാഫ് വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ റാണി സുധീര്‍, പ്രസിഡന്റ് അന്നു പ്രമോദ്, മീഡിയ കോഓര്‍ഡിനേറ്റര്‍ സിന്ധു ജയറാം, മീഡിയ കണ്‍വീനര്‍ ഉമര്‍ ഫാറൂഖ് എന്നിവരും പത്ര സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.