തൃശൂർ: കാക്കിക്കുള്ളിൽ മാത്രമല്ല തടവറക്കുള്ളിലും കലാഹൃദയങ്ങളുണ്ട് എന്ന് തെളിയിക്കുന്നതാണ് വിയ്യൂർ ജില്ലാ ജയിലിലെ തടവുകാർ എഴുതിയ ചുവരുകളും സംസാരിക്കും എന്ന 6 സെന്റീമീറ്റർ നീളവും 4 സെന്റീമീറ്റർ മാത്രം വീതിയുമുള്ള കവിതാ സമാഹാരം.
ജില്ലാ ജയിൽ സൂപ്രണ്ട് കെ അനിൽകുമാറിന്റെ പ്രത്യേക താല്പര്യം പ്രകാരം ജയിലിനകത്ത് സംഘടിപ്പിച്ച സദ്ഗമയ എന്ന സാഹിത്യ ക്യാമ്പിൽ പങ്കെടുത്ത നൂറോളം തടവുപുള്ളികളിൽ നിന്ന് കവിതകൾ എഴുതാൻ കഴിയുന്നവരെ കണ്ടെത്തി എഴുതിപ്പിച്ച 18 രചനകളാണ് ക്യാമ്പ് ഡയറക്ടർ ആയിരുന്ന ഗിന്നസ് സത്താർ ആദൂർ എഡിറ്റിംഗ് നിർവഹിച്ച് കുന്നംകുളം പവർ പ്രസ്സിൽ നിന്ന് ഒരു എ ഫോർ ഷീറ്റ് കൊണ്ട് ഒരു പുസ്തകം എന്നുള്ള എന്നുള്ള തരത്തിൽ 40 പേജുകളുള്ള ഈ കവിതാസമാഹാരം ബഹുവർണ്ണ നിറത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ജയിൽ ക്ഷേമ ദിനത്തോടനുബന്ധിച്ച് പ്രകാശിതമായ ചെറുവിരലിന്റെ വലുപ്പം മാത്രമുള്ള ഈ പുസ്തകം തടവറക്കുള്ളിലെ രചനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മിനിയേച്ചർ സമാഹാരമായാണ് കണക്കാക്കപ്പെടുന്നത്.