വീട്ടില്‍ കിടന്നുറങ്ങിയ പോളിങ് ഓഫിസറെ പൊക്കി, മദ്യപിച്ചെത്തിയ ഓഫിസറെ അറസ്റ്റു ചെയ്തു; സംഭവ ബഹുലമായി തിരഞ്ഞെടുപ്പ് ദിവസം
കൊല്ലം പുനലൂരില്‍ മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മൂന്നാം പോളിംഗ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു
കോഴിക്കോട്: സംസ്ഥാനത്ത് തിരഞ്ഞെടുപ്പു ദിവസം കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങള്‍ വാര്‍ത്തകളിലിടം നേടി.തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ബൂത്തില്‍ പോകാതെ വീട്ടില്‍ കിടന്നുറങ്ങി. സമയമായിട്ടും പോളിങ് ഓഫിസര്‍ എത്താത്തതിനെ തുടര്‍ന്ന് പോലിസ് ഓഫിസറെ വീട്ടിലെത്തി കൈയ്യോടെ പൊക്കി.
ആലപ്പുഴ കുട്ടനാട്ടിലാണ് സംഭവം. രാവിലെ പോളിംഗ് ഓഫീസറെ കാണാതെ വന്നതോടെ അന്വേഷിച്ചിറങ്ങിയ പൊലീസ് ആണ് ഉദ്യോഗസ്ഥനെ വീട്ടില്‍ കണ്ടെത്തിയത്. കുട്ടനാട് തലവടി 130ാം നമ്പര്‍ ബൂത്തിലെ ഫസ്റ്റ് പോളിംഗ് ഓഫീസറായ ജോര്‍ജ് അലക്‌സാണ് ബൂത്തില്‍ പോകാതെ വീട്ടില്‍ കിടന്നുറങ്ങിയത്. ഡ്യൂട്ടിക്കെത്താത്തതിന് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഫസ്റ്റ് പോളിംഗ് ഓഫീസര്‍ എത്താത്തതിനെ തുടര്‍ന്ന് റിസര്‍വിലുള്ള പുതിയ പോളിങ് ഓഫീസറെ പകരം നിയോഗിച്ചു.
കൊല്ലം പുനലൂരില്‍ മദ്യപിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ മൂന്നാം പോളിംഗ് ഓഫീസറെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ജീവനക്കാരനായ പ്രകാശ് കുമാറാണ് അറസ്റ്റിലായത്. പുനലൂര്‍ ടോക് എച്ച് പബ്ലിക് സ്‌കൂളിലെ 94ാം നമ്പര്‍ ബൂത്തിലാണ് പ്രകാശ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വന്ന പോളിങ് ഉദ്യോഗസ്ഥ മൂന്ന് നില കെട്ടിടത്തില്‍ നിന്ന് വീണ് ആശുപത്രിയിലായി. അട്ടപ്പാടിയില്‍ പുലര്‍ച്ചെ 5.30നായിരുന്നു സംഭവം. അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ ശ്രീകൃഷ്ണപുരം സ്വദേശി വിദ്യാലക്ഷ്മി (31) ക്കാണ് 20 അടി താഴ്ചയിലേക്ക് വീണ് പരിക്കേറ്റത്. വീഴ്ചയില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ അവരെ കോട്ടത്തറ െ്രെടബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയത്തും പത്തനംതിട്ടയിലും വോട്ടു ചെയ്യാനെത്തിയവര്‍ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ 25ാം നമ്പര്‍ ബൂത്തായ എസ് എച്ച് മൗണ്ട് സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ വയോധിക കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. അന്നമ്മ ദേവസ്യയാണ് കുഴഞ്ഞുവീണ് മരിച്ചത്. പത്തനംതിട്ട ആറന്മുളയിലെ എട്ടാം നമ്പര്‍ ബൂത്തായ വള്ളംകുളം ജിയുപിഎസില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്.