കര്‍ഷക സമരം തുടങ്ങിയ ശേഷം പാകിസ്താനില്‍ നിന്ന് ആയുധങ്ങളുടെ ഒഴുക്ക് വര്‍ധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി
ഛണ്ഡീഗഢ്: രാജ്യത്ത് കര്‍ഷകസമരം തുടങ്ങിയ ശേഷം പാകിസ്താനില്‍ നിന്നുള്ള ആയുധങ്ങളുടെ ഒഴുക്ക് വര്‍ധിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഇക്കാര്യം താന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കര്‍ഷക സമരം തുടങ്ങിയശേഷം അതിര്‍ത്തിയിലെ അസ്വസ്ഥതകര്‍ വര്‍ധിച്ചു. പാകിസ്താന്‍ ഡ്രോണുകളില്‍ ആയുധങ്ങള്‍ ഇന്ത്യയിലേക്ക് കടത്തുകയാണ്. അതിനും പുറമെ നുഴഞ്ഞുകയറ്റവും വര്‍ധിച്ചു- എന്‍ഐയുമായി നടത്തിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
സമരംതുടങ്ങിയ ശേഷം ആയുധങ്ങള്‍ക്കു പുറമെ പണവും ഹെറോയിനും ഒഴുകുകയാണ്. പ്രതിസന്ധികളും അസ്വസ്ഥതകളുമുള്ള പഞ്ചാബാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്. സംസ്ഥാനത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാനാവുന്ന പാക് സ്ലീപ്പര്‍ സെല്ലുകള്‍ സംസ്ഥാനത്തുണ്ട്. രാജ്യത്തിനെതിരേ പാകിസ്താനും ചൈനയും ഗുഢാലോചന നടത്തുകയാണ്. രാജ്യത്തെ 20 ശതമാനം സൈനികരും കര്‍ഷകര്‍ സജീവമായ പ്രദേശത്തുനിന്നുള്ളവരാണ്. കാര്‍ഷികനിയമം കൊണ്ട് അവരുടെ ആത്മവിശ്വാസം തകര്‍ക്കരുത്- അമരീന്ദര്‍ പറഞ്ഞു.
ജനുവരി 26ന് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തിനുകാരണം പാകിസ്താനാണോ എന്ന ചോദ്യത്തിന് അത് കണ്ടുപിടിക്കേണ്ടത് അന്വേഷണ ഏജന്‍സികളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താന്‍ ആരെയും അടച്ചാക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സമരം തുടങ്ങിയ ശേഷം പാകിസ്താന്റെ ഭാഗത്തുനിന്നുളള ആയുധക്കടത്ത് വര്‍ധിച്ചത് എന്തുകൊണ്ടാണെന്നും അത് പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.