ന്യൂഡല്‍ഹി: വിദേശ സംഭാവനകളില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട സര്‍ക്കാരിതര സംഘടനകളായ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും (ആര്‍ജിഎഫ്) രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും (ആര്‍ജിസിടി) വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദേശ സംഭാവന ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐക്ക് കൈമാറും.
ഗാന്ധി കുടുംബം നടത്തുന്ന എന്‍ജിഒകളിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ 2020ല്‍ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അധ്യക്ഷനും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം എന്നിവര്‍ അംഗങ്ങളുമായ എന്‍ജിഒയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍. സോണിയ ഗാന്ധി തലവനും, രാഹുല്‍ ഗാന്ധിയും മുന്‍ രാജ്യസഭാ എംപി ഡോ. അശോക് എസ്. ഗാംഗുലിയും അംഗങ്ങളായ എന്‍ജിഒയാണ് രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്.
ആദായനികുതി റിട്ടേണ്‍ രേഖകളിലെ കൃത്രിമം, ഫണ്ട് ദുരുപയോഗം, ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരിക്കുന്നത്.
രാജ്യത്തെ അധഃസ്ഥിതരായ ജനങ്ങളുടെ, പ്രത്യേകിച്ച് ഗ്രാമീണ ദരിദ്രരുടെ വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് 2002ല്‍ രാജീവ് ഗാന്ധി ട്രസ്റ്റ് രൂപീകരിച്ചത്.
ആര്‍ജിഎഫും ആര്‍ജിസിടിയും പ്രവര്‍ത്തിക്കുന്നത് ന്യൂഡല്‍ഹിയിലെ പാര്‍ലമെന്റ് സമുച്ചയത്തിന് സമീപമുള്ള രാജേന്ദ്ര പ്രസാദ് റോഡിലെ ജവഹര്‍ ഭവന്‍ കെട്ടിടത്തിലാണ്.
ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റാണ് അന്വേഷണത്തിന് കീഴിലായ മറ്റൊരു സംഘടന.
അന്വേഷണ സംഘത്തില്‍ ഇഡിക്ക് പുറമെ ആഭ്യന്തര, ധനകാര്യ മന്ത്രാലയങ്ങളിലെയും സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലെയും (സിബിഐ) ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു.