സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യം; ആര്‍ത്തവസമയത്തും നടിമാര്‍ സെറ്റില്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകള്‍
കൊച്ചി: മലയാള സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യമാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ നാള്‍ നീണ്ടു നിന്ന ഒരു തര്‍ക്കമായിരുന്നു സിനിമ മേഖലയിലെ കാസ്റ്റിങ് കൗച്ച്. ഇപ്പോള്‍ ഇതിനെ ശരിവയ്ക്കുന്നതാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട്.
ഒറ്റയ്ക്ക് ഹോട്ടല്‍മുറിയില്‍ കഴിയാന്‍ സ്ത്രീകള്‍ക്ക് ഭയമാണെന്ന് നടിമാരുടെ മൊഴി. പല രാത്രികളിലും സിനിമയിലെ തന്നെ പുരുഷന്‍മാര്‍ നിരന്തരം വാതിലില്‍ ശക്തിയായി ഇടിക്കാറുണ്ട്. വാതില്‍ തകര്‍ത്ത് ഇവര്‍ അകത്തേക്ക് കയറുമെന്ന് ഭയപ്പെടുന്ന അവസരങ്ങളുണ്ടായി. ഇതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മിക്കവരും ഷൂട്ടിങിനെത്തുന്നത്. എന്നാല്‍ പോലും ഭയന്നാണ് ആ രാത്രി കിടന്നുറങ്ങുന്നത്. ഉറക്കം പോലും നഷ്ട്ടപ്പെട്ട അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്ന ഭീതിയില്‍ പലരും നിശബ്ദത പാലിക്കുന്നു. നടന്‍മാരോട് ഇതേക്കുറിച്ച് കമ്മിറ്റി ചോദിച്ചപ്പോള്‍ ഇങ്ങനെ കേസിനു പോയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ എന്താണെന്ന് അറിയാമെന്നായിരുന്നു മറുപടി. കേസിനു പോകുകയാണെങ്കില്‍, പ്രശസ്തരായതിനാല്‍ സൈബര്‍ ആക്രമണം പോലുള്ള ഉപദ്രവങ്ങള്‍ ഉണ്ടാകുമെന്ന് നടിമാര്‍ ഭയക്കുന്നു. കോടതിയേയോ പൊലീസിനെയോ സമീപിച്ചാല്‍ ജീവനു തന്നെ ഭീഷണി ഉണ്ടായേക്കാമെന്ന് നടിമാര്‍ ഭയക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ആര്‍ത്തവസമയത്ത് പോലും നടിമാര്‍ സെറ്റില്‍ നേരിടുന്നത് വലിയ ബുദ്ധിമുട്ടുകളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാഡ് മാറ്റുന്നതിന് പോലും സെറ്റില്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണുള്ളത്. മൂത്രമൊഴിക്കാന്‍ പോകാന്‍ സാധിക്കാതെ മണിക്കൂറുകളോളം സെറ്റില്‍ തുടരേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശാരീരിക ബന്ധത്തിനും മറ്റും സഹകരിക്കുന്നവരെ 'കോഓപ്പറേറ്റിങ് ആര്‍ട്ടിസ്റ്റ്' എന്ന് പേരിട്ടു വിളിക്കുന്നു. സിനിമയില്‍ അവസരത്തിനായി കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്നതായും മറ്റു രീതിയില്‍ ചൂഷണം ചെയ്യുന്നതായും പലരും നേരിട്ടും അല്ലാതെയും കമ്മിഷനെ അറിയിച്ചു. ഇതിനു പിന്‍ബലം നല്‍കുന്ന രേഖകളും ചിലര്‍ ഹാജരാക്കി. ഷൂട്ടിങ് സ്ഥലത്തു പലപ്പോഴും ശുചിമുറിയോ വസ്ത്രം മാറാനുള്ള സൗകര്യമോ ഉണ്ടാകാറില്ല. ചോദിച്ചാല്‍ മോശമായി പ്രതികരിക്കുന്നവരുണ്ടെന്ന ക്രൂരതയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.