ബിനാമി ബിസിനസ്സ് അവസാനിപ്പിക്കാന്‍ സൗദി സര്‍ക്കാര്‍ ആറ് മാസം സമയം നല്‍കി
ദമ്മാം: സൗദിയില്‍ ബിനാമി ബിസിനസ്സ് അവസാനിപ്പിക്കുന്നതിനും വാണിജ്യ വ്യവസായ സേവന മേഖല തികച്ചും നിയമപരമാക്കുന്നതിനും സൗദി സര്‍ക്കാര്‍ ആറു മാസത്തെ സമയപരിധി നല്‍കി. ഈ സമയത്തിനകം ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെട്ട വിദേശികളും അതിനു സൗകര്യം നല്‍കുന്ന സ്വദേശികളും രേഖകള്‍ നിയമവിധേയമാക്കണം. അല്ലാത്ത പക്ഷം ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്ന് സൗദി ബിനാമി ബിസിനസ്സ് വിരുദ്ധ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വിദേശികള്‍ക്ക് നിയമപരമായി ബിസിനസ്സ് ചെയ്യുന്നതിന് പ്രവിലേജ് ഇഖാമ സമ്പ്രദായം സൗദി ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു.
രാജ്യത്ത് നടക്കുന്ന ബിനാമി ബിസിനസ്സ് അവസാനിപ്പിക്കുന്നതിന് മന്ത്രിസഭ പുതിയ നിയമം പാസാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ആവശ്യമായ പരിശോധനകളും മറ്റും നടത്തുന്നതിന് വാണിജ്യ വ്യവസായ മന്ത്രാലയം, സാമുഹ്യമാനവ വിഭവശേഷി മന്ത്രാലയം, മുനിസിപ്പല്‍ ഗ്രാമമന്ത്രാലയം, പോലിസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ക്ക് അധികാരം നല്‍കി. ബിനാമി ബിസിനസ്സില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ 50 ലക്ഷം റിയാല്‍ വരെ പിഴയും 5 വര്‍ഷം തടവും നേരിടേണ്ടി വരും.