വി.പി. സൈതലവി
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചുകൊണ്ടുള്ള ഐ.ടി. ചട്ടം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഗൈഡ് ലൈന്‍സ് ഫോര്‍ ഇന്റര്‍ മീഡിയറീസ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021 കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിമര്‍ശിക്കുന്നത് ആരൊക്കെയാണ്, ഏതു വഴിയിലൂടെയാണ് എന്നു മനസ്സിലാക്കി അവയെല്ലാം അവസാനിപ്പിക്കുകയാണ് ഇന്ത്യയിലെ പുതിയ 'ജനാധിപത്യം'. പുതിയ ചട്ടങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കോടതിയെ സമീപിക്കാനും നിയമയുദ്ധം തുടരാനും തീരുമാനിച്ചതിനാല്‍ ഇനി സംഘപരിവാര അധികാരകേന്ദ്രങ്ങള്‍ 'നിയമം' പറഞ്ഞു വന്നേക്കാം.
'ഓരോ രാജ്യത്തിനും അതിന്റെതായ നിയമമുണ്ട്, നിയമം അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്' എന്നൊക്കെയുള്ള പല്ലവികളുമായി പിടിച്ചുനില്‍ക്കാന്‍ പറ്റിയേക്കും. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നേരും നെറിയും സൗന്ദര്യവും നശിപ്പിക്കാന്‍ പ്രാപ്തിയുണ്ട് ഇത്തരം നിയമങ്ങള്‍ക്ക്. സമൂഹമാധ്യമങ്ങള്‍ക്കു പിന്നാലെ വാര്‍ത്താ സൈറ്റുകള്‍ക്കും ഓണ്‍ലൈന്‍ ചലച്ചിത്രപ്രദര്‍ശന സൈറ്റുകള്‍ക്കും കൂച്ചുവിലങ്ങിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ സംഘപരിവാരം നിയമ നിര്‍മാണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്താണെന്ന് ആര്‍ക്കും ബോധ്യപ്പെടും.
കൂട്ടിലൊതുക്കുന്ന ചട്ടങ്ങള്‍
പുതിയ ഐ.ടി. ചട്ടപ്രകാരം 2021 ഫെബ്രുവരിയില്‍ പുറപ്പെടുവിച്ച മാര്‍ഗരേഖയും ഡിജിറ്റല്‍ മാധ്യമ ധാര്‍മികതാ കോഡും പാലിക്കാന്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ സ്വീകരിച്ച നടപടികള്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ബോധിപ്പിക്കാന്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് അന്ത്യശാസനം നല്‍കിയിട്ടുണ്ട് കേന്ദ്രം.
മൂന്നുതരം നിയന്ത്രണങ്ങളാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. ഒന്ന്, സ്ഥാപനങ്ങള്‍ പരാതി പരിഹരിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിക്കണം, 15 ദിവസത്തിനകം നടപടികള്‍ ഉണ്ടാവണം. മാധ്യമ സ്ഥാപനങ്ങള്‍ അംഗങ്ങളായ സ്വയം നിയന്ത്രണ സംവിധാനം വഴിയുള്ള നിയന്ത്രണമാണ് രണ്ടാമത്തേത്. മന്ത്രാലയം വഴി നേരിട്ടുള്ള നിയന്ത്രണമാണ് മൂന്നാമത്തേത്. നിലവില്‍ സ്വയംനിയന്ത്രണ സംവിധാനമില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ഒ.ടി.ടിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്‍ (കആഎ)നെ ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ആന്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ (കആഉഎ) ഇന്നു പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയ ആന്റ് റെഗുലേറ്ററി കൗണ്‍സില്‍ രൂപീകരിക്കുമെന്നും ഐ.ബി.ഡി.എഫ് അറിയിച്ചിട്ടുണ്ട്. ഒറ്റവായനയില്‍ വളരെ നല്ല നിയമനിര്‍മാണമെന്നു തോന്നിപ്പോവുന്നുണ്ടെങ്കില്‍ നമുക്കു തെറ്റി. നവമാധ്യമങ്ങളെയും ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളെയും കയറൂരി വിടണം എന്നല്ല ഈ ചട്ടങ്ങളോടുള്ള വിയോജിപ്പിന്റെ അടിസ്ഥാനം. നിയമവിരുദ്ധവും സാമൂഹിക വിരുദ്ധവുമായ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുക തന്നെ വേണം. പക്ഷേ, ഭരണകൂടത്തിന്റെ ഇച്ഛയ്ക്കനുസരിച്ചു സമൂഹ മാധ്യമങ്ങളെ മെരുക്കാനുള്ള നീക്കം അനുവദിച്ചുകൂടാ.
ടെക്‌നോളജി അതിപ്രസരണത്തിന്റെ പുതിയ കാലഘട്ടത്തില്‍ സമൂഹ മാധ്യമങ്ങളുടെയും അവര്‍ കൊണ്ടുവരുന്ന സത്യസന്ധമായ ചില വാര്‍ത്തകളുടെയും പ്രാധാന്യം എന്താണെന്നു നമ്മളെല്ലാവരും മനസ്സിലാക്കിയതാണ്. ഭരണകൂട നിയന്ത്രണങ്ങള്‍കൊണ്ട് പൊറുതിമുട്ടിയ ഒരു ജനത 'മുല്ലപ്പൂ വിപ്ലവ'ത്തിലൂടെ ചരിത്രം സൃഷ്ടിച്ചത് സോഷ്യല്‍ മീഡിയ തുറന്നിട്ട വഴിയിലൂടെയായിരുന്നു. അവിടുന്നിങ്ങോട്ട് ചെറുതും വലുതുമായ പല പരിവര്‍ത്തനങ്ങള്‍ക്കും പ്രേരകമായത് സോഷ്യല്‍ മീഡിയ ആയിരുന്നുവെന്ന യാഥാര്‍ഥ്യം നമുക്കറിയാം.
മാധ്യമങ്ങള്‍ ഭീതിയിലാണ്
ഇന്ത്യയില്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ഒരു വിഭാഗത്തെ ഭരണകൂടം തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്. രാജ്യത്ത് എന്തു സംഭവിച്ചാലും ഈ മാധ്യമങ്ങള്‍ മൗനം പാലിക്കാറുണ്ട്. ഇന്ത്യയാകെ ശ്രദ്ധിച്ച കര്‍ഷക സമര വാര്‍ത്തകള്‍ മുക്കിയതും മറച്ചുവച്ചതും ചില മുഖ്യധാരാ മാധ്യമങ്ങളാണ്. ആ സമരം ജനങ്ങളിലേക്കെത്തിയത് സമൂഹമാധ്യമങ്ങള്‍ വഴിയാണ്. മഹാമാരി കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു നാണവുമില്ലാതെ അവ നീക്കണമെന്നു സമൂഹ മാധ്യമങ്ങളോടു കേന്ദ്രം ആവശ്യപ്പെട്ടു. സമാധാനപൂര്‍വം കഴിയുന്ന ലക്ഷദ്വീപ് ജനതയെ അടിമുടി ദ്രോഹിക്കുന്ന കേന്ദ്ര അഡ്മിനിസ്‌ട്രേറ്ററുടെ ക്രൂര ഭരണത്തിന്റെ വിവരങ്ങള്‍ ദിവസങ്ങള്‍ക്കു ശേഷമാണെങ്കിലും പുറത്തറിഞ്ഞത് സോഷ്യല്‍ മീഡിയകള്‍ സജീവമായതുകൊണ്ടാണ്.
കേരളത്തിന്റെ തിരഞ്ഞെടുപ്പു ഗോദയിലേക്കു കള്ളപ്പണം ഒഴുക്കി മലയാളികളുടെ ജനാധിപത്യബോധത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ടു പിടിയിലായ ബി.ജെ.പി നേതൃത്വത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്നും ഇന്നലെയുമായി സകല മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുന്ന കള്ളപ്പണങ്ങള്‍ വിദേശ രാജ്യങ്ങളില്‍ നിന്നു നമ്മുടെ നാട്ടിലേക്ക് ഒഴുക്കി ജനാധിപത്യ സംവിധാനങ്ങളെ തകിടംമറിച്ച് അധികാരം പിടിച്ചെടുക്കാനുള്ള സംഘപരിവാരത്തിന്റെ മറ്റൊരു നടപടിയായാണ് ഈ ചട്ടങ്ങളെ കാണേണ്ടത്. പണം കൊടുത്തു വരുതിയിലാക്കിയ ചില മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുമ്പോള്‍ ഒരു മറയുമില്ലാതെ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്ന നവമാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ടില്ലെങ്കില്‍ തങ്ങളുടെ വര്‍ഗീയ താല്‍പ്പര്യങ്ങള്‍ വിലപ്പോവില്ലെന്നു 'കേന്ദ്രം' തിരിച്ചറിഞ്ഞതുകൊണ്ടാണ് സംഘപരിവാര ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിച്ച ഈ ചട്ടങ്ങളെ 'നിയമം' ആക്കി മാറ്റുന്നത്.
ഓരോ രാജ്യത്തിനും അതിന്റെതായ നിയമങ്ങളുണ്ടെന്നും ആ നിയമങ്ങള്‍ മുഴുവന്‍ പാലിക്കേണ്ടത് ബാധ്യതയാണെന്നുമൊക്കെ ന്യായവാദങ്ങള്‍ നിരത്തി മറ്റു രാജ്യങ്ങളില്‍ ഇതിനെക്കാളും ശക്തമായ നിയമങ്ങളുണ്ട് എന്നൊക്കെ ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, ആ നിയമങ്ങളൊന്നും തന്നെ ഭരണവര്‍ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചു മാധ്യമങ്ങളെ ചൊല്‍പ്പടിക്കു നിര്‍ത്തുന്നതല്ലെന്നു മനസ്സിലാക്കാന്‍ സൂക്ഷ്മ വായനയുടെ ആവശ്യം പോലുമില്ല.
നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധമാവരുത്
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ഈറ്റില്ലങ്ങളായ അമേരിക്കയും യൂറോപ്പും അടക്കം നിയമം മൂലം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.
എന്നാല്‍, അതത് സ്ഥാപനങ്ങള്‍ സ്വയം നിരീക്ഷിച്ചു തെറ്റായ വാര്‍ത്തകള്‍ നീക്കുന്ന സംവിധാനമാണ് അവിടങ്ങളിലൊക്കെയുള്ളത്. നിയമവിരുദ്ധമാണെന്നു പൂര്‍ണ ബോധ്യമായ കാര്യങ്ങള്‍ നീക്കണം. അനുസരിക്കാത്ത പ്ലാറ്റ്‌ഫോമുകള്‍ക്കു കനത്ത പിഴയും നിശ്ചയിച്ചിട്ടുണ്ട്. തെറ്റായ ഉള്ളടക്കങ്ങള്‍ നീക്കാന്‍ യൂട്യൂബിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിവര്‍ഷം 75 ലക്ഷത്തിലധികം വീഡിയോകള്‍ പതിനായിരത്തോളം വരുന്ന ജീവനക്കാരെ ഉപയോഗിച്ചു നീക്കുന്നുണ്ട് എന്നാണ് 'ബി.ബി.സി' റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫേസ്ബുക്കിനും ഇത്തരത്തിലുള്ള സംവിധാനമുണ്ട്.
സമൂഹ മാധ്യമ സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങളും പോരായ്മകളും മുമ്പും ചര്‍ച്ചയായിട്ടുണ്ട്. അവയെ വെള്ളപൂശി ന്യായീകരിക്കാന്‍ കഴിയില്ല.
എന്നാല്‍, സ്വകാര്യതയും സുരക്ഷിതത്വവും ഇല്ലാതാക്കി 'മുഴുവന്‍ ഉള്ളടക്കവും' എന്ന ചട്ടം സ്വേച്ഛാധിപത്യപരവും ജനാധിപത്യ വിരുദ്ധവുമാണ്. അമിതാധികാര പ്രയോഗത്തിന്റെ വലിയ ദുരന്തം അടിയന്തരാവസ്ഥക്കാല ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ ചരിത്രത്തില്‍ നിന്നു നാം പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ട്.
വ്യത്യസ്ത അഭിപ്രായങ്ങളെ നിര്‍ദയം ചവിട്ടിമെതിച്ചതും നിര്‍ബന്ധ വന്ധ്യംകരണം നടത്തിയതും പ്രതിഷേധിച്ചവരെ മര്‍ദിച്ചതും കൊന്നുതള്ളിയതുമെല്ലാം പുറത്തറിയാതിരുന്നത് മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ്ങിട്ടതുകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ജനാധിപത്യത്തിന്റെ സജീവത കുടികൊള്ളുന്നത് സ്വതന്ത്ര മാധ്യമ സാന്നിധ്യത്തിലാണെന്നു നമ്മള്‍ മനസ്സിലാക്കണം.
ലെജിസ്ലേച്ചര്‍, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്നു തൂണുകളിലാണ് ജനാധിപത്യം തലയുയര്‍ത്തി നില്‍ക്കുന്നത്. എന്നാല്‍, ഈ മൂന്നു തൂണുകള്‍ക്കപ്പുറത്തുള്ള ജനാധിപത്യത്തിന്റെ നാലാമത്തെ ഇന്‍വിസിബിള്‍ (അദൃശ്യ) തൂണാണ് മാധ്യമങ്ങള്‍. ഇന്നതില്‍ സമൂഹമാധ്യമങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ മാധ്യമങ്ങളുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നത് ജനാധിപത്യത്തെ ഇല്ലാതാക്കുന്ന നടപടിയാണ്.
എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു
പുതിയ ചട്ടത്തെക്കുറിച്ചുള്ള പ്രധാന വിമര്‍ശനങ്ങള്‍ ഇവയാണ്:
കൈമാറുന്ന ഉള്ളടക്കത്തിന്റെ സ്വകാര്യത നഷ്ടപ്പെടും. ഉറവിടങ്ങള്‍ വെളിപ്പെടുന്നതോടെ സമൂഹ മാധ്യമങ്ങളുടെ വിശ്വാസ്യത തകരും.
കേന്ദ്രസര്‍ക്കാരിനു തങ്ങളെ വിമര്‍ശിക്കുന്നവരുടെ ഉറവിടവും ഉള്ളടക്കവും കൈയില്‍ കിട്ടുന്നതോടെ അവരെ പ്രതികാര മനോഭാവത്തോടെ അടിച്ചമര്‍ത്താം.
ബി.ജെ.പി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ മറ്റെല്ലാ മേഖലയിലുമെന്നപോലെ സമൂഹ മാധ്യമങ്ങളെക്കൂടി ഭീഷണിപ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുന്നതിനാണ് പുതിയ ചട്ടത്തിലൂടെ ശ്രമിക്കുന്നതെന്നു നിസ്സംശയം പറയാം.
ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ചില പരമ്പരകള്‍ക്കെതിരേ വര്‍ഗീയമായി സംഘപരിവാരം രംഗത്തുവന്നതും ട്വിറ്ററിനെ പാഠം പഠിപ്പിക്കാനുള്ള നീക്കങ്ങളും ഈ ചട്ടങ്ങള്‍ക്കുള്ള കളമൊരുക്കലായിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ വെടക്കാക്കി തനിക്കാക്കുന്ന രീതി.
എന്തുകൊണ്ടാണ് ജനസ്വാധീനമുള്ള പ്ലാറ്റ്‌ഫോമുകളെ ബി.ജെ.പി സംഘപരിവാര കേന്ദ്രങ്ങള്‍ ഭയക്കുന്നത്? ആര്‍ക്കും ബോധ്യമാവുന്ന കാര്യമാണത്.
തങ്ങളുടെ കൊള്ളരുതായ്മകളെയും വര്‍ഗീയ നീക്കങ്ങളെയും തുറന്നുകാണിക്കുന്നത് സമൂഹ മാധ്യമങ്ങളാണ്. വിമര്‍ശനങ്ങള്‍ പുറംലോകമറിയരുത്, കുഴലൂത്തുകള്‍ ധാരാളമാവാം എന്നതാണ് നിലപാട്.
ഒരുവിഭാഗം ഷൂ നക്കി ഒറ്റിക്കൊടുക്കാന്‍ തയ്യാറായപ്പോഴും മുതലാളിത്ത സാമ്രാജ്യത്വത്തിന്റെ പട്ടാള രാഷ്ട്രീയ അധിനിവേശത്തോട് പടപൊരുതി പിറന്ന നാടിനു സ്വാതന്ത്ര്യം നേടിക്കൊടുത്ത തലമുറയുടെ ചരിത്രം പഠിച്ചവര്‍ ഈ രാജ്യത്ത് ഇനിയും അവശേഷിക്കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷ അവരില്‍ മാത്രമാണ്.