അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷപ്രസംഗം: പിസി ജോര്‍ജിന് ഫോര്‍ട്ട് പോലിസ് വീണ്ടും നോട്ടീസ് നല്‍കും
പോലിസ് സ്‌റ്റേഷനില്‍ ഹാജരാകാതെ തൃക്കാക്കര ബിജെപി പ്രചാരണത്തിന് പോയത് ജാമ്യവ്യവസ്ഥയുടെ ലംഘനമല്ലെന്ന് നിയമോപദേശം
തിരുവനന്തപുരം: അനന്തപുരി ഹിന്ദുസമ്മേളനത്തിലെ മതവിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് വീണ്ടും നോട്ടീസ് നല്‍കും. പിസി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഫോര്‍ട്ട് പോലിസ് വീണ്ടും നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക. കഴിഞ്ഞ ഞായറാഴ്ച ഹാജരാകാന്‍ ഫോര്‍ട്ട് പോലിസ് പി സി ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, പോലിസിന് മുന്നില്‍ ഹാജരാകാതെ ജോര്‍ജ് ത്യക്കാക്കര ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുകയായിരുന്നു. ജാമ്യ ഉപാധികള്‍ ലംഘിച്ചത് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിക്കണ്ട എന്നാണ് പോലിസിന്റെ തീരുമാനം.
കോടതി നിര്‍ദ്ദേശപ്രകാരം ഹാജരാകണമെന്ന് ജോര്‍ജിന് പോലിസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പോലിസിന് മുന്‍പില്‍ മൊഴി നല്‍കാന്‍ ഹാജരാകാതിരിക്കുന്നത് ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോര്‍ട്ട് അസി. കമ്മീഷണര്‍ നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃക്കാക്കരയിലേക്ക് താന്‍ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയില്‍ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോര്‍ജ് മറുപടി നല്‍കുകയായിരുന്നു.
ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാല്‍ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പോലിസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി. എന്നാല്‍, ആരോഗ്യപരിശോധന ആവിശ്യമുണ്ടെന്ന പറഞ്ഞ പിസി തൃക്കാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി ഇടപെടുന്നതാണ് കണ്ടത്. ഈ പശ്ചാത്തലത്തില്‍ ഫോര്‍ട്ട് പോലിസ് ആദ്യം പിസിയുടെ കേസില്‍ ഇനി കോടതിയില്‍ കാണാം എന്ന നിലപാടാണ് സ്വീകരിച്ചത്. ആ നിലപാടാണ് ഇപ്പോള്‍ പോലിസ് തിരുത്തിയിരിക്കുന്നത്.