കേരളത്തിലെ പ്രധാന ഡ്രൈവ് ഇന്‍ ബീച്ചായി തിക്കോടി കല്ലകത്ത് ബീച്ചിനെ മാറ്റും; മന്ത്രി പി എ മുഹമ്മദ് റിയാസ്

Update: 2021-07-20 15:26 GMT

പയ്യോളി :കേരളത്തിലെ പ്രധാന ഡ്രൈവ് ഇന്‍ ബീച്ചായി തിക്കോടി കല്ലകത്ത് ബീച്ചിനെ മാറ്റി തീര്‍ക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് തിക്കോടി ഡ്രൈവ് ഇന്‍ ബീച്ച് സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായി കല്ലകത്ത് ബീച്ചിനെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ജനങ്ങളുടെ ആവശ്യം അതേ അര്‍ത്ഥത്തില്‍ മനസ്സിലാക്കി നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ബീച്ചിന്റെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കിറ്റ്‌കോ തയ്യാറാക്കിയ 93 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ച സാഹചര്യത്തിലാണ് മന്ത്രി കല്ലകത്ത് ബീച്ച് സന്ദര്‍ശിച്ചത്. ജില്ലയിലെ അറിയപ്പെടുന്ന ഡ്രൈവ് ഇന്‍ ബീച്ചായതിനാല്‍ ഒഴിവുദിവസങ്ങളില്‍ ധാരാളം പേര്‍ ഇവിടെഎത്തിച്ചേരാറുണ്ട്. പ്രവേശന കവാടം, ഇന്റര്‍ലോക്ക് വിരിച്ച നടപ്പാതകള്‍, മുള കൊണ്ടുള്ള വേലികള്‍, പുല്ലും മുളയും ഉപയോഗിച്ചുള്ള ഹട്ടുകള്‍, വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങള്‍, കുടിവെള്ള ടാങ്ക്, ശൗചാലയം , കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൂറിസംവകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ നടക്കുക.

കാനത്തില്‍ ജമീല എംഎല്‍എ , തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി , കെ കെ മുഹമ്മദ്, എം പി ഷിബു , ബിജു കളത്തില്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Tags:    

Similar News