തോരപ്പ മുഹമ്മദ്: മലപ്പുറത്തിന്റെ ഹോമിയോ ചികിത്സകന്‍
പുസ്തകങ്ങളും വാരികകളും അടുക്കിവെച്ച കോട്ടപ്പടിയിലെ നിരപ്പൊളിയിട്ട പഴയ പീടിക മുറിയിലേക്ക് ബാപ്പു കാക്കയെ തേടി എത്തുന്ന രോഗികളില്‍ സമൂഹത്തിലെ എല്ലാ തുറക്കാരുമുണ്ടായിരുന്നു. തന്റെ ചികിത്സാ നൈപുണ്യം അദ്ദേഹം ഒരിക്കലും പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായി സ്വീകരിച്ചില്ല.
മലപ്പുറം: തോരപ്പ മുഹമ്മദ് എന്ന മലപ്പുറത്തിന്റെ ബാപ്പു കാക്ക വിടവാങ്ങുമ്പോള്‍ അത് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ പാരമ്പര്യത്തിനും ഹോമിയോ ചികിത്സാ ശാഖക്കും സൃഷ്ടിക്കുന്ന നഷ്ടം ഏറെയാണ്. ഹോമിയോ ചികിത്സ ശാഖയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച തോരപ്പ ബാപ്പുവിനെ തേടി മലപ്പുറം കോട്ടപ്പടിയിലെ പഴയ പീടിക മുറിയിലേക്ക് എത്തുന്നവരില്‍ അന്യജില്ലക്കാര്‍ മാത്രമല്ല, തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ പോലുമുണ്ടായിരുന്നു. ആധുനിക ശാസ്ത്രം ചികിത്സയില്ലെന്ന് എഴുതി തള്ളിയ പല രോഗങ്ങളും അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയതിന്റെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും മലപ്പുറത്തുകാര്‍ക്ക് എണ്ണിയെടുക്കാനുണ്ട്.
ചെറുപ്പത്തില്‍ പിതാവിനൊപ്പം ഊട്ടിയിലെത്തിയ തോരപ്പ മുഹമ്മദ് അവിടെ നിന്നാണ് ഹോമിയോ ചികിത്സ സ്വായത്തമാക്കിയത്. കുറച്ചു കാലം അവിടെ ചികിത്സ നടത്തിയ ശേഷം നാട്ടിലെത്തിയ മുഹമ്മദ് മലപ്പുറത്തും ചികിത്സ തുടര്‍ന്നു. നീണ്ടകാലത്തെ സേവനത്തിനിടയില്‍ വെള്ളപ്പാണ്ട് ഉള്‍പ്പടെയുള്ള മാറാരോഗങ്ങള്‍ ചികിത്സിച്ചു മാറ്റി. ഒരിക്കല്‍ അലോപ്പതി ഡോക്ടര്‍മാര്‍ അദ്ദേഹത്തിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയ അനുഭവം പോലും നേരിടേണ്ടി വന്നു. വെള്ളപ്പാണ്ട് ചികിത്സിച്ചു മാറ്റാം എന്നും അതിന് മെഡിക്കല്‍ ക്യാംപ് നടത്തുമെന്നും പറഞ്ഞ് തോരപ്പ മുഹമ്മദ് പത്രത്തില്‍ വാര്‍ത്ത നല്‍കിയതോടയാണ് ജില്ലയിലെ അലോപ്പതി ഡോക്ടര്‍മാരുടെ സംഘടന അദ്ദേഹത്തിനെതിരെ മലപ്പുറം കലക്ടര്‍ക്ക് പരായി നല്‍കിയത്. എതിര്‍പ്പ് ശക്തമായതോടെ, ക്യാംപിലെത്തുന്ന ആരില്‍ നിന്നും പണം വാങ്ങാതെ ചികിത്സിക്കാമെന്നും യാത്രക്കൂലിക്ക് പണമില്ലാത്തവര്‍ക്ക് അത് നല്‍കാമെന്നും തോരപ്പ ബാപ്പു പറഞ്ഞു. അങ്ങനെ ക്യാപിലെത്തിയവരില്‍ കൃത്യമായി മരുന്ന് കഴിച്ചവരുടെ വെള്ളപ്പാണ്ട് മാറിയത് പില്‍ക്കാല ചരിത്രം. അതിനു ശേഷവും അദ്ദേഹം പല മാറാവ്യാധികള്‍ക്കുമുള്ള ചികിത്സ തുടര്‍ന്നു.
പുസ്തകങ്ങളും വാരികകളും അടുക്കിവെച്ച കോട്ടപ്പടിയിലെ നിരപ്പൊളിയിട്ട പഴയ പീടിക മുറിയിലേക്ക് ബാപ്പു കാക്കയെ തേടി എത്തുന്ന രോഗികളില്‍ സമൂഹത്തിലെ എല്ലാ തുറക്കാരുമുണ്ടായിരുന്നു. തന്റെ ചികിത്സാ നൈപുണ്യം അദ്ദേഹം ഒരിക്കലും പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായി സ്വീകരിച്ചില്ല. ലളിതവും ആര്‍ഭാട രഹിതവുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഫുട്‌ബോള്‍ മാത്രമായിരുന്നു ലഹരി. മലപ്പുറം സോക്കര്‍ ക്ലബിന്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ബാപ്പു കാക്കയുടെ ഫുട്‌ബോള്‍ സംഘാടനത്തിന് ഫിഫ 2001ല്‍ അവാര്‍ഡ് നല്‍കി.
വിവിധ വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതന്‍ കൂടിയായിരുന്നു തോരപ്പ മുഹമ്മദ്. ഹോമിയോ ചികിത്സയെ കുറിച്ച് അദ്ദേഹം ഇംഗ്ലീഷില്‍ എഴുതിയ പുസ്തകം ഇന്നും ഹോമിയോ ചികിത്സകരുടെ റഫറന്‍സ് ഗ്രന്ഥമാണ്. ഫുട്‌ബോളിനെ കുറിച്ചും സാഹിത്യത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും ആധികാരികതയോടെ സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു. ഒറ്റമുലച്ചി എന്ന യക്ഷി സങ്കല്‍പ്പം തമിഴ് പുരാണ സാഹിത്യ കൃതിയായ ചിലപ്പചികാരത്തിലെ കണ്ണകി ആണെന്ന തോരപ്പ ബാപ്പുവിന്റെ ഒറ്റ നിരീക്ഷണം മതി അദ്ദേഹത്തിന്റെ വായനാ ലോകം എത്ര വിശാലമായിരുന്നു എന്ന് മനസ്സിലാക്കാന്‍. ഹോമിയോ ചികിത്സയിലെ അതേ ആത്മാര്‍ഥത ഫുട്‌ബോളിനോടു കാണിക്കുന്നയാള്‍, ഫുട്‌ബോളിനോടുള്ള അതേ ആവേശത്തോടെ തന്നെ തമിഴ്‌സാഹിത്യത്തിലെ ചിലപ്പതികാരം വായിക്കുന്നയാള്‍, ഇതൊക്കൊയായിരുന്നു തോരപ്പ മുഹമ്മദ് എന്ന മനുഷ്യന്‍.