മാള: വാറ്റ് ചാരായവുമായി മൂന്ന് പേര്‍ പോലിസ് പിടിയില്‍

Update: 2021-05-11 15:11 GMT

മാള: മാള ഇരട്ടപ്പടിയില്‍ 11 ലിറ്റര്‍ വാറ്റ് ചാരായവുമായി മൂന്ന് പേര്‍ പിടിയില്‍. മാള മഠത്തുംപടി ഇരട്ടപ്പടി വിതയത്തില്‍ എബി സാബു (27), മഠത്തുംപടി ഇരട്ടപ്പടി തെക്കുംതല സഞ്ജയ് (30), പൊയ്യ പൂപ്പത്തി ഈശ്വര മംഗലത്ത് പ്രണവ് (31) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും മാള പോലിസും ചേര്‍ന്ന് പിടികൂടിയത്.

സംസ്ഥാനത്ത് ലോക്ക്ഡൗണിനോടനുബന്ധിച്ച് ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചതിന്റെ ഭാഗമായി വ്യാപകമായി വ്യാജമദ്യവും വാറ്റുചാരായവും വിറ്റഴിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി ജി. പൂങ്കുഴലി ഐ പി എസിന്റെ റിപോര്‍ട്ടിനെതുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. 

തുടര്‍ന്ന് ലഭിച്ച രഹസ്യവിവരമനുസരിച്ചാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ കൊരട്ടി ഐ എസ് എച്ച് ഒ ബി കെ അരുണ്‍, മാള ഐ സ് എച്ച് ഒ ഷോജോ വര്‍ഗീസ്, ഡാന്‍സാഫ് ടീം എ എസ് ഐമാരായ ജയകൃഷ്ണന്‍, ജോബ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, മിഥുന്‍ കൃഷ്ണ, മാനുവല്‍, മാള പോലിസ് സ്റ്റേഷനിലെ എസ് ഐ മാരായ സുഭാഷ്, അബ്ദുല്‍ ലത്തീഫ്, ഗ്രേഡ് എ എസ് ഐമാരായ സുധാകരന്‍, ബിജു, ഡ്രൈവര്‍ ഷിജു എന്നിവര്‍ പങ്കെടുത്തു.

പ്രതികളെ ചാലക്കുടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

Similar News