കല്‍പ്പറ്റ: മുത്തങ്ങ വന്യജീവി സങ്കേതത്തിന്റെ പരിധിയില്‍ മൂലങ്കാവില്‍ കെണിയില്‍ നിന്ന് രക്ഷപ്പെട്ട പുള്ളിപ്പുലിയെ മണിക്കൂറുകള്‍ക്കുശേഷം മയക്കുവെടി വച്ച് പിടികൂടി കൂട്ടിലാക്കി. കൃഷിയിടത്തിനു അരികെ പന്നിയെ പിടിക്കാന്‍ കര്‍ഷകര്‍ ഒരുക്കിയ കെണിയില്‍ ഇന്നലെ രാത്രിയാണ് പുലി അകപ്പെട്ടത്. രാവിലെയാണ് സമീപത്തെ ആളുകള്‍ കെണിയില്‍ കുടുങ്ങിയ പുലിയെ കാണുന്നത്. ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വെറ്റിനറി ഡോക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പുലിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പുലി കുതറി രക്ഷപ്പെട്ടു.
പിന്നീട് വനപാലകര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പുലിയെ സമീപത്തു നിന്ന് കണ്ടെത്തി. വൈകുന്നേരത്തോടെ മയക്കുവെടി വച്ച് പിടികൂടി, വനംവകുപ്പിന്റെ കൂട്ടിലാക്കി. പരിക്ക് ഉള്ളതിനാല്‍ ചികില്‍സക്കു ശേഷമേ തുറന്നു വിടൂ.
വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണിത്. കേരള കര്‍ണാടക വനങ്ങളോട് ചേര്‍ന്ന് പ്രദേശമാണ് മൂലങ്കാവ്. പുലി, കടുവ, ആന ഉള്‍പ്പെടെയുള്ള എല്ലാ മൃഗങ്ങളും ഇവിടെ കൃഷിയിടത്തില്‍ ഇറങ്ങുന്നത് പതിവാണ്.