കര്‍ഷക സമരം; ഹൈവേ തടഞ്ഞ് ട്രാക്ടറുകള്‍, അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലിസ്

Update: 2024-02-26 11:27 GMT

ന്യൂഡല്‍ഹി: താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി പ്രഖ്യാപിച്ച സമരത്തിന്റെ ഭാഗമായി ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍. മീററ്റ്, മുസാഫര്‍നഗര്‍, സഹാറന്‍പൂര്‍, ബാഗ്പത്, ഹാപൂര്‍, അംറോഹ എന്നിവിടങ്ങളില്‍ കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ച് നടത്തി. ട്രാക്ടറുകള്‍ പാര്‍ക്ക് ചെയ്ത് ഹൈവേ തടഞ്ഞു. ഇതോടെ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച നാലുമണി വരെയാണ് സമരം. ഭാരതിയ കിസാന്‍ യൂണിയനും സംയുക്ത കിസാന്‍ മോര്‍ച്ചയും ചേര്‍ന്നാണ് ട്രാക്ടര്‍ മാര്‍ച്ച് നടത്തുന്നത്. യമുന എക്‌സ്പ്രസ് വേ, ലുഹാര്‍ലി ടോള്‍ പ്ലാസ, മഹാമായ ഫ്‌ളൈഓവര്‍ എന്നിവിടങ്ങളിലും കര്‍ഷകരുടെ ട്രാക്ടറുകള്‍ നിറഞ്ഞു.

പ്രതിഷേധത്തെ തുടര്‍ന്ന് സുരക്ഷ ഉറപ്പാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഡല്‍ഹിയിലെയും നോയിഡയിലെയും പ്രധാന പ്രവേശന, എക്‌സിറ്റ് പോയിന്റുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. യമുന എക്‌സ്പ്രസ്സ് വേയിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കി ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കാനും മെട്രോ സേവനം വിനിയോഗിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നതിനായി ജില്ലാ അതിര്‍ത്തിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വാഹനങ്ങള്‍ ഗോല്‍ചക്കര്‍ ചൗക്ക് സെക്ടര്‍15 വഴി സെക്ടര്‍ 14 എ മേല്‍പ്പാലം ഉപയോഗിക്കാനും ഡിഎന്‍ഡി അതിര്‍ത്തിയില്‍ നിന്ന് വരുന്നവര്‍ സെക്ടര്‍ 18 ലെ ഫിലിം സിറ്റി മേല്‍പ്പാലം വഴി എലിവേറ്റഡ് റൂട്ട് ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാളിന്ദി അതിര്‍ത്തിയില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് സെക്ടര്‍ 37 വഴി മഹാമായ മേല്‍പ്പാലം വഴി സഞ്ചരിക്കാം.അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഡല്‍ഹി പോലിസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News