യുപിയില്‍ മനുഷ്യകുരുതി നല്‍കാന്‍ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം;രണ്ട് പേര്‍ പിടിയില്‍
ഏറെക്കാലമായി വിവാഹം നടക്കാതിരുന്നതിന് പരിഹാരമായി മനുഷ്യക്കുരുതി നല്‍കണമെന്ന് മന്ത്രവാദി പറഞ്ഞതിനാലാണ് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു
നോയിഡ:ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ഹോളി ആഘോഷത്തിന്റെ ഭാഗമായി മനുഷ്യകുരുതി നല്‍കാന്‍ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍.പെണ്‍കുട്ടിയെ പോലിസ് രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് അറസ്റ്റിലായതില്‍ ഒരാള്‍.
സോനു ബാല്‍മികി എന്നയാളും ഇയാളുടെ സഹായി നീതുവാണ് പിടിയിലായിട്ടുള്ളത്.ഏറെക്കാലമായി വിവാഹം നടക്കാതിരുന്നതിന് പരിഹാരമായി മനുഷ്യക്കുരുതി നല്‍കണമെന്ന് മന്ത്രവാദി പറഞ്ഞതിനാലാണ് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു.ഈ മേഖലയിലെ പ്രശസ്ത മന്ത്രവാദിയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഇയാളെ തിരിച്ചറിഞ്ഞതായും പോലിസ് വ്യക്തമാക്കി. ബാലികയെ ബലി നല്‍കിയാല്‍ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം.
ഛിജാര്‍സി ഗ്രാമവാസിയായ പെണ്‍കുട്ടിയെ മാര്‍ച്ച് 13നാണ് തട്ടിക്കൊണ്ടുപോയത്.കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ തെരച്ചില്‍ നടത്തിയിരുന്നു ഇതില്‍ ഫലം കാണാതെ വന്നതോടെയാണ് വീട്ടുകാര്‍ പോലിസിനെ സമീപിക്കുകയായിരുന്നു.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയവരെ പോലിസ് കണ്ടെത്തിയത്.
കേസില്‍ സോനു ബാല്‍മികിക്കും നീതുവിനും പുറമേ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് പോലിസ് വിശദമാക്കുന്നത്. സതേന്ദ്ര എന്ന മന്ത്രവാദിയേയും പോലിസ് തിരയുന്നുണ്ട്.