രണ്ട് വിമാനങ്ങള്‍ തിങ്കളാഴ്ച പറന്നുയരും; ഹജ്ജ് ക്യാംപ് ഏറ്റവും വലിയ തീര്‍ത്ഥാടകരുടെ സംഗമമായി

Update: 2024-06-02 16:45 GMT
മട്ടന്നൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാന താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹജ്ജ് തീര്‍ത്ഥാടകരുടെ ഒത്ത് ചേരല്‍ കൊണ്ട് ഹജ്ജ് ക്യാംപ് ഞായറാഴ്ച ആവേശകരമായി. തിങ്കളാഴ്ച പുണ്യഭൂമിയിലേക്ക് പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലെ 722 തീര്‍ത്ഥാടകരാണ് ഹജ്ജ് ക്യാംപില്‍ സംഗമിച്ചത്.

ഇത്തവണ വനിതാ ഹജ്ജ് തീര്‍ഥാടകര്‍ക്ക് (ലേഡീസ് വിത്തൗട്ട് മെഹറം) അനുവദിച്ച പ്രത്യേക വിമാനത്തില്‍ പോകുന്ന സ്ത്രീകളെ യാത്രയയക്കാന്‍ എത്തിയ കുടുംബാംഗങ്ങളെ കൊണ്ട് വിമാന താവളവും പരിസരവും വീര്‍പ്പ് മുട്ടി. തക്ബീറും ദുആ മന്ത്രങ്ങളും കൊണ്ട് പരിസരം ഭക്തി സാന്ദ്രമായി.പുണ്യ ഭുമിയിലേക്കുള്ള യാത്രയില്‍ സ്ത്രീ ഒറ്റക്കാവുകയല്ല ഓരോ സംഘമാണ് എന്ന് വിളിച്ചറിയിക്കുന്ന വിധം ചില പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ പ്രത്യേക നിറങ്ങളില്‍ മഫ്ത ധരിച്ച് വന്നത് വര്‍ണ്ണാഭവും വിശ്വാസിനികളുടെ ഒരുമയുടെ വര്‍ണ്ണ മുദ്രകളുമായി.


 തിങ്കളാഴ്ച പുറപ്പെടുന്ന രണ്ട് വിമാനങ്ങളിലേക്കുള്ള 722 ഹാജിമാര്‍ ഞായറാഴ്ച രാവിലെയും ഉച്ചക്കുമായിട്ടാണ് ക്യാംപിലെത്തിയത്. ജൂണ്‍ 03 രാവിലെ 05.40 ന് എസ്.വി. 5635 നമ്പര്‍ വിമാനം പുറപ്പെടും. ഇതില്‍ 361 യാത്രക്കാരില്‍ 177 സ്ത്രീകളാണ്.

ജൂണ്‍ 03 ഉച്ചക്ക് 1.10 ന് പുറപ്പെടുന്ന സ്ത്രീകള്‍ക്ക് മാത്രമായുള്ള എസ്.വി.5695 നമ്പര്‍ വിമാനത്തില്‍ 361 പേരാണ്. രാവിലെയും ഉച്ചക്കുമായി തിങ്കളാഴ്ച പുറപ്പെടുന്നവരില്‍ 538 സ്ത്രീകളാണ്. സ്ത്രീകളുടെ മാത്രം വിമാനത്തില്‍ യാത്രയാവുന്നവര്‍ക്കുള്ള യാത്രാ രേഖകള്‍ വനിതാ വളണ്ടിയര്‍മാരും വനിതാ സെല്‍ ഉദ്യോഗസ്ഥരുമാണ് വിതരണം ചെയ്തത്.







Tags:    

Similar News