ജെയ്‌റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ കേന്ദ്രമന്ത്രിമാരുടെ ഫോണുകൾ മോഷ്ടിച്ചു

Update: 2019-08-27 10:04 GMT

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം അന്തരിച്ച അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിമാരായ ബാബുല്‍ സുപ്രിയോ, സോം പ്രകാശ് എന്നിവരടക്കം 11പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. പോലിസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മോഷ്ടാവിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ബാബുല്‍ സുപ്രിയോ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് സംസ്‌കാര ചടങ്ങിനിടെ നഷ്ടമായത്. മന്ത്രി സുപ്രിയോയുടെ സെക്രട്ടറിയുടെ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. സംസ്‌കാര ചടങ്ങിനിടെ ഏറെ തിരക്കുള്ള സ്ഥലത്ത് വച്ചാണ് ഫോണ്‍ നഷ്ടമായത്. തിരക്ക് കൂടുതുള്ള സ്ഥലത്ത് വച്ച് ഫോണുകള്‍ മോഷണം പോയതാകാനാണ് സാധ്യതയെന്നും മന്ത്രി സുപ്രിയോ പറഞ്ഞു. ഓരോ പതിനഞ്ച് മിനിറ്റിലും ഓരോരുത്തര്‍ക്ക് ഫോണ്‍ നഷ്ടപ്പെട്ടു. മൊബൈല്‍ മോഷ്ടിച്ച കള്ളനെ ഞാന്‍ അഭിനന്ദിക്കുകയാണ്. ഒരു കലാകാരനെ പോലെയാണ് അയാള്‍ പോക്കറ്റടിച്ചത്. എന്നേക്കാള്‍ മികച്ച കലാകാരനാണ് അദ്ദേഹം-മന്ത്രി സുപ്രിയോ പറഞ്ഞു. വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് ഫോണുകള്‍ തിരിച്ചു കിട്ടാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അറിയിച്ചു.

Similar News