''ശരിക്കും ഇന്ത്യക്കാരനാവണമെങ്കില്‍ ഹിന്ദുവായേ പറ്റൂ''വെന്ന് വിശ്വസിക്കുന്നത് ആകെ ഹിന്ദുക്കളുടെ മൂന്നില്‍ രണ്ട് ഭാഗം; അസഹിഷ്ണുതയുടെ വേരുകളിലേക്ക് വെളിച്ചംവീശി അമേരിക്കന്‍ സര്‍വേ

Update: 2021-06-30 15:11 GMT

ന്യൂഡല്‍ഹി: ഒരാള്‍ ശരിക്കും ഇന്ത്യക്കാരനാവണമെങ്കില്‍ അയാള്‍ ഹിന്ദുവാകണമെന്നാണ് രാജ്യത്തെ മൂന്നില്‍ രണ്ട് ഹിന്ദുക്കളും വിശ്വസിക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരവുമായി പുതിയ സര്‍വേ റിപോര്‍ട്ട്. അമേരിക്ക ആസ്ഥാനമായ പിഇഡബ്യു റിസര്‍ച്ച് ഗ്രൂപ്പ് നടത്തിയ സര്‍വേയാണ് ഇതുസംബന്ധിച്ച വിവിരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇന്ത്യന്‍ സമൂഹത്തിലെ ഓരോ മതവിശ്വാസിയും സ്വയം എങ്ങനെ കരുതുന്നു, അപരനെ എങ്ങനെ കരുതുന്നു എന്ന വിവരങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍വേ ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഏകദേശം 17 ഭാഷ സംസാരിക്കുന്ന 30,000 പേരെ നേരില്‍ കണ്ടാണ് വിവിരങ്ങള്‍ ശേഖരിച്ചത്. കൊവിഡിനു മുമ്പ് 2019-2020 കാലത്തായിരുന്നു സര്‍വേ സംഘടിപ്പിച്ചത്. രാജ്യത്ത് സ്വതന്ത്രമായി മതം അനുഷ്ഠിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നാണ്് ഭൂരിഭാഗം പേരും സര്‍വേയോട് പ്രതികരിച്ചത്. അതേസയമം ശരിയായ ഇന്ത്യക്കാരനാവണമെങ്കില്‍ എല്ലാ മതങ്ങളെയും അംഗീകരിക്കേണ്ടതുണ്ടെന്നും മതസൗഹാര്‍ദ്ദമാണ് രാജ്യത്തിന്റെ മുഖമുദ്രയെന്നും ഭൂരിഭാഗം പേരും കരുതുന്നു.

81 ശതമാനം ഹിന്ദുക്കളും 32 ശതമാനം ഹിന്ദുക്കളും കരുതുന്നത് ഗംഗാ ജലത്തിന് ശുദ്ധീകരണശേഷിയുണ്ടെന്നാണ്. മുതിര്‍ന്നവരെ ബഹുമാനിക്കണമെന്ന് ഭൂരിഭാരം ഇന്ത്യക്കാരും ജാതി, മതഭേദമന്യേ വിശ്വസിക്കുന്നു.

ഭൂരിഭാഗം ഹിന്ദുക്കളും കരുതുന്നത് തങ്ങള്‍ മറ്റ് മതങ്ങളില്‍ നിന്ന് വ്യത്യസ്തരാണെന്നാണ്, ഇവര്‍ ഏകദേശം 66 ശതമാനം വരും. തിരിച്ച് മുസ് ലിംകളും ഇതേ വിശ്വാസം പുലര്‍ത്തുന്നു. എന്നാല്‍ മൂന്നില്‍ രണ്ട് ജൈനരും പകുതിയോളം സിക്കുകാരും കരുതുന്നത് തങ്ങള്‍ക്ക് ഹിന്ദുക്കളുമായി ബന്ധമുണ്ടെന്നാണ്.

മതംമാറി വിവാഹം കഴിക്കുന്നതിന് എല്ലാ മതത്തിലെയും ഭൂരിഭാഗം പേരും എതിരാണ്. മൂന്നില്‍ രണ്ട് ഹിന്ദുക്കളും ഹിന്ദു പെണ്‍കുട്ടികള്‍ മറ്റ് മതസ്ഥരെ വിവാഹം കഴിക്കുന്നതിന് എതിരാണ്(67ശതമാനം). 80 ശതമാനം മുസ് ലിംകളും മിശ്രവിവാഹം കഴിക്കുന്നതിന് എതിരാണ്.

ഇത് ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രമല്ല, ജൈനരുടെയും സിക്കുകാരുടെയും സ്ഥിതി വ്യത്യസ്തമല്ല. അവരും മതംമാറി വിവാഹം കഴിക്കുന്നതിന് അനുകൂലമല്ല.

ഇന്ത്യയിലെ 86 ശതമാനം ഇന്ത്യക്കാരും പറയുന്നത് തങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ സ്വമതക്കാരാണെന്നാണ്. ഹിന്ദുക്കളില്‍ ഇത് 86 ശതമാനവും മുസ് ലിംകളില്‍ 88 ശതമാനവും സിക്കുകാരില്‍ 80 ശതമാനവും ജൈനരില്‍ 72 ശതമാനവുമാണ്.

45 ശതമാനം ഹിന്ദുക്കളും തങ്ങളുടെ അയല്‍ക്കാര്‍ ഏത് മതക്കാരനായാലും കുഴപ്പമില്ലെന്ന് കരുതുന്നു. 45 ശതമാനം പേര്‍ക്ക് തിരിച്ചാണ്. 36 ശതമാനം ഹിന്ദുക്കള്‍ക്കും മുസ് ലിം അയല്‍ക്കാരനോട് താല്‍പ്പര്യമില്ല. ജൈനരില്‍ ഇത് 61 ശതമാനമാണ്.

59 ശതമാനം ഹിന്ദുക്കളും ഇന്ത്യക്കാരനാവണമെങ്കില്‍ ഹിന്ദി അറിയണമെന്ന് വിശ്വസിക്കുന്നവരാണ്.

വൈവിധ്യത്തെ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമായാണ് ഭൂരിഭാഗം പേരും കാണുന്നത്. 53 ഇന്ത്യക്കാരും വൈവിധ്യം ഇന്ത്യയുടെ ശക്തിയാണെന്ന് വിശ്വസിക്കുന്നവരാണ്.

മുസ് ലിംകളില്‍ 24 ശതമാനം പേരും ഇന്ത്യയില്‍ മുസ് ലികള്‍ വിവേചനം നേരിടുന്നുണ്ടെന്ന് വിശ്വസിക്കുന്നു. 21 ശതമാനം ഹിന്ദുക്കളും കരുതുന്നത് തങ്ങള്‍ക്ക് വിവേചനം നേരിടുന്നുണ്ടെന്നാണ്.

ഇന്ത്യക്കാരായതില്‍ സിഖുകാര്‍ക്ക് അഭിമാനമുണ്ട്. അത് ഏകദേശം 95 ശതമാനം വരും. ഇന്ത്യയെ ബഹുമാനിക്കാത്ത ഒരാള്‍ക്ക് സിഖുകാരനാവാന്‍ കഴിയില്ലെന്ന് 70 ശതമാനം പേരും വിശ്വസിക്കുന്നു. സിഖുകാര്‍ക്ക് എതിരേ വിവേചനം നേരിടുന്നുണ്ടെന്ന് 14 ശതമാനം സിഖുകാര്‍ വിശ്വസിക്കുന്നു. വര്‍ഗീയകലാപം ഏറ്റവും ഗുരുതരമായ പ്രശ്‌നമായി കരുതുന്ന സിഖുകാര്‍ ആകെ സിഖ്ജനസംഖ്യയിലെ 78 ശതമാനം വരും. ഹിന്ദുക്കളിലും മുസ് ലിംകളിലും ഇത് 65 ശതമാനമേ വരുന്നുള്ളൂ.

പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരേ വിവേചനമുണ്ടെന്ന് പലരും വിശ്വസിക്കുന്നുണ്ടെങ്കിലും മറ്റ് ജാതികള്‍ക്കെതിരേ വിവേചനമില്ലെന്നാണ് വിശ്വസിക്കുന്നത്.

Similar News