ജപ്പാനില്‍ ചുഴലിക്കാറ്റ്; 2 മരണം, 9 ദശലക്ഷം പേരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു
ടോക്യോ: നന്‍മഡോള്‍ ചുഴലിക്കാറ്റ് വീശുന്ന ജപ്പാനില്‍ ഇതുവരെ രണ്ട് പേര്‍ മരിച്ചു. 9 ദശലക്ഷം പേരോട് സുരക്ഷിതസ്ഥാനത്തേക്ക് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യൂഷ്യു മേഖലയില്‍ കനത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്.
പല നഗരങ്ങളിലും നദികളില്‍നിന്ന് അടിച്ചുകയറിയ ചെളിവെള്ളംകൊണ്ട് മുങ്ങിയിരിക്കുകയാണ്. ഞായറാഴ്ചയാണ് കാറ്റ് വീശാന്‍ തുടങ്ങിയത്. ഇപ്പോള്‍ ശക്തി കുറയുന്നുണ്ട്.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നുണ്ടെന്നും ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 500 മില്ലിമീറ്റര്‍ മഴ പെയ്‌തേക്കുമെന്നും ബിബിസി റിപോര്‍ട്ട് ചെയ്തു.
ഫുകുവോക്കയിലും മിയാസാക്കിയിലുമാണ് ഓരോരുത്തര്‍ വീതം മരിച്ചത്. അതേസമയം ഒരാളെ മണ്ണിടിച്ചിലില്‍ കാണാതായിട്ടുണ്ട്.
ഈ വര്‍ഷത്തെ 14ാമത്തെ ചുഴലിക്കാറ്റാണ് ഇപ്പോള്‍ വീശുന്നത്. ഇതുവരെ പല തരത്തില്‍ പരിക്കേറ്റവരുടെ എണ്ണം 60 ആയി.
ശക്തമായ കാറ്റില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ചിലയിടങ്ങളില്‍ സൈന്‍ബോര്‍ഡുകള്‍ തകര്‍ന്നു. തെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ കഗോഷിമ നഗരത്തില്‍ നിര്‍മ്മാണ ക്രെയിന്‍ തകര്‍ന്നു.
ബുള്ളറ്റ് ട്രെയിനുകളും വിമാനക്കമ്പനികളും സര്‍വീസ് നിര്‍ത്തിവച്ചു. ഉരുള്‍പൊട്ടല്‍, നദികള്‍ കരകവിഞ്ഞൊഴുകല്‍ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കുപടിഞ്ഞാറന്‍ ജപ്പാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളും നേരിട്ടുള്ള ഡെലിവറി സേവനങ്ങളും താല്‍ക്കാലികമായി അടച്ചു, ചില ഹൈവേകള്‍ അടച്ചു. സെല്‍ ഫോണുകള്‍ ചിലയിടങ്ങളില്‍ പ്രവര്‍ത്തനരഹിതമായി.