കെ റെയില്‍ പദ്ധതി അശാസ്ത്രീയം, എതിര്‍ക്കും; കൊവിഡ് മൂലം മരിച്ചവരുടെ മുഴുവന്‍ കണക്കും പുറത്ത് വിടണമെന്നും യുഡിഎഫ്

കെ റെയില്‍-സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമാണ്. 1483 ഹെക്ടര്‍ ഭൂമി ആവിശ്യമുള്ള ഈ പദ്ധതിയെ എതിര്‍ക്കാനാണ് യുഡിഎഫ് തീരുമാനം. 2019ലെ എസ്റ്റിമേറ്റ് പ്രകാരം 1,24000 കോടി രൂപയാണ് പദ്ധതി ചിലവ്. ഇത് കേരളത്തിന് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്.

Update: 2021-09-23 13:17 GMT
കെ റെയില്‍ പദ്ധതി അശാസ്ത്രീയം, എതിര്‍ക്കും; കൊവിഡ് മൂലം മരിച്ചവരുടെ മുഴുവന്‍ കണക്കും പുറത്ത് വിടണമെന്നും യുഡിഎഫ്

തിരുവനന്തപുരം: കൊവിഡ് മൂലം മരിച്ചവരുടെ മുഴുവന്‍ കണക്കും സംസ്ഥാന ആരോഗ്യവകുപ്പ് പുറത്ത് വിടണമെന്ന് യുഡിഎഫ്. കണക്ക് പുറത്ത് വിട്ടില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കുറവാണെന്നും അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ കൊടുക്കണമെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമ്പൂര്‍ണ യുഡിഎഫ് യോഗശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.

കെ റെയില്‍-സില്‍വര്‍ ലൈന്‍ പദ്ധതി അശാസ്ത്രീയമാണ്. പാരിസ്ഥിതിക-സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. 1483 ഹെക്ടര്‍ ഭൂമി ആവിശ്യമുള്ള ഈ പദ്ധതിയെ എതിര്‍ക്കാനാണ് യുഡിഎഫ് തീരുമാനം. 2019ലെ എസ്റ്റിമേറ്റ് പ്രകാരം 1,24000 കോടി രൂപയാണ് പദ്ധതി ചിലവ്. ഇത് കേരളത്തിന് താങ്ങാന്‍ കഴിയുന്നതിലുമപ്പുറമാണ്.

കേന്ദ്രാനുമതി നേടാതെ, സാമൂഹിക ആഘാത പഠനം നടത്താതെ എങ്ങനെയാണ് ഭൂമി ഏറ്റെടുക്കാന്‍ കഴിയുകയെന്ന് സതീശന്‍ ചോദിച്ചു.

നര്‍കോട്ടിക് ജിഹാദില്‍ സര്‍വക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് മടിക്കുന്നു. വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് 14 ദിവസം വേണ്ടിവന്നു. പ്രശ്‌നം ഇനിയും വഷളാകട്ടെ എന്നാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാരിന് ആദ്യമുണ്ടായിരുന്ന നിലപാടല്ല ഇപ്പോഴുള്ളത്. സമുദായ നേതാക്കളുമായുള്ള ചര്‍ച്ച തുടരാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് വര്‍ദ്ധിപ്പിക്കണം. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ ലഭിക്കാതെ വലയുകയാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിഹാരം കാണണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.


Tags:    

Similar News