തൊഴിലില്ലായ്മയെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി കേന്ദ്ര തൊഴില്‍വകുപ്പ് മന്ത്രി

തൊഴിലില്ലായ്മയെക്കുറിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ്‌വാര്‍

Update: 2020-03-16 12:51 GMT

ന്യൂഡല്‍ഹി: പത്തു വര്‍ഷം കൊണ്ട് 25 കോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് 2014ല്‍ വാഗ്ദാനം നല്‍കിയ ബിജെപി ഇന്ന് തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കാന്‍ പോലും തയ്യാറാവുന്നില്ലെന്ന് അടൂര്‍ പ്രകാശ് എം.പി. ലോക്‌സഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു അടൂര്‍ പ്രകാശ്. ബിജെപി സര്‍ക്കാര്‍ 6 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.78 ശതമാനത്തിലെത്തിയിരിക്കുന്നു. ഇതേക്കുറിച്ചു ചോദിച്ചാല്‍ വ്യക്തമായ മറുപടിയോ കണക്കോ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

തൊഴിലില്ലായ്മയെക്കുറിച്ച് ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗാംഗ്‌വാര്‍ ഒഴിഞ്ഞു മാറി. രാജ്യത്ത് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ലക്ഷ്യബോധത്തോടെയുള്ള പദ്ധതി ആവിഷ്‌കരിക്കുമോ എന്ന ചോദ്യത്തിനും കൃത്യമായ മറുപടി ഉണ്ടായില്ല. 

തൊഴില്‍ മന്ത്രാലയത്തിന്റ പാര്‍ലിമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി മാര്‍ച്ച് 13ന് ലോക്‌സഭയില്‍ വച്ച റിപ്പോര്‍ട്ട് അനുസരിച്ച് 2019-20 ലെ ബ്ജറ്റ് വിഹിതത്തില്‍ 2053 കോടി രൂപയും തൊഴില്‍ മന്ത്രാലയം ചെലവഴിച്ചിട്ടില്ല. തൊഴില്‍ അന്വേഷകരെ സഹായിക്കുന്നതിനുള്ള നാഷണല്‍ കരിയര്‍ സര്‍വീസ് സ്‌കീമിന് വകയിരുത്തിയ തുകയില്‍ 60 ശതമാനം മാത്രമേ ചെലവഴിച്ചിട്ടുള്ളൂ.

കഴിഞ്ഞ ദിവസം കേരള നിയമസഭയില്‍ നല്‍കിയ മറുപടി അനുസരിച്ച് സംസ്ഥാനത്ത് 45913 എഞ്ചിനീയര്‍മാരും 8753 ഡോക്ടര്‍മാരും തൊഴില്‍രഹിതരാണ്. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.


Similar News