തോക്ക് കൈവശം വെക്കുന്ന ബ്രാഹ്‌മണരുടെ എണ്ണം അന്വേഷിക്കാന്‍ യുപി സര്‍ക്കാറിന്റെ നിര്‍ദേശം

ബ്രാഹ്‌മണര്‍ക്ക് സുരക്ഷ നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ എന്തൊക്കെയാണെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ ബ്രാഹ്‌മണര്‍ക്ക് ആയുധ ലൈസന്‍സ് അനുവദിക്കുമോ എന്നും ബിജെപി എംഎല്‍എ ആരാഞ്ഞിരുന്നു.

Update: 2020-09-01 06:42 GMT

ലഖ്‌നൗ: തോക്ക് കൈവശം വെക്കുന്ന ബ്രാഹ്‌മണരുടെ എണ്ണം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നിര്‍ദേശം. എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക സര്‍ക്കുലര്‍ അയച്ചു. സംസ്ഥാനത്ത് കൊല്ലപ്പെട്ട ബ്രാഹാമണരുടെ എണ്ണവും ബ്രാഹ്‌മണര്‍ക്ക് ആയുധ ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ചും ദേവമണി ദ്വിവേദി എന്ന ബിജെപി എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ് പുതിയ നിര്‍ദേശം.

ബ്രാഹ്‌മണര്‍ക്ക് സുരക്ഷ നല്‍കുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ എന്തൊക്കെയാണെന്നും മുന്‍ഗണനാടിസ്ഥാനത്തില്‍ ബ്രാഹ്‌മണര്‍ക്ക് ആയുധ ലൈസന്‍സ് അനുവദിക്കുമോ എന്നും ബിജെപി എംഎല്‍എ ആരാഞ്ഞിരുന്നു.

സംസ്ഥാനത്ത് ഒഴിവുള്ള 8 നിയമസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബ്രാഹ്‌മണരെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിവിധ പാര്‍ട്ടികള്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ ബ്രാഹ്‌മണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ബ്രാഹ്‌മണ വിശ്വാസത്തിന്റെ പ്രതീകമായ'' പരശുരമന്റെ പേരില്‍ ആശുപത്രികള്‍ നിര്‍മിക്കുമെന്നായിരുന്നു ബിഎസ്പി നേതാവ് മായാവതിയുടെ പ്രഖ്യാപനം. ബ്രാഹ്‌മണര്‍ക്ക് അരക്ഷിതാവസ്ഥ തോന്നുന്ന ഒന്നും ചെയ്യരുതെന്നും അവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 108 അടി ഉയരമുള്ള പരശുരാമിന്റെ പ്രതിമ പണിയുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മുന്‍പ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ബ്രാഹ്‌മണര്‍ ഉപദ്രവിക്കപ്പെടുന്നതായും ഭരണകക്ഷിയായ ബിജെപിയിലെ ബ്രാഹ്‌മണ എംഎല്‍എമാര്‍ ഇതില്‍ അതൃപ്തരാണെന്നും ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് സിംഗ് അടുത്തിടെ നടത്തിയ പ്രസ്താവനയും ബ്രാഹ്‌മണരെ പ്രീതിപ്പെടുത്താന്‍ വേണ്ടിയുള്ളതായിരുന്നു. 

Tags:    

Similar News