വീണ്ടും യു പി പോലീസിന്റെ വംശീയാക്രമണം: കേസൊന്നുമില്ലാതെ മുസ്‌ലിം യുവാവിനെ പിടികൂടി നഗ്നനാക്കി മര്‍ദ്ദിച്ചു (വീഡിയോ)

സ്റ്റേഷനിലെത്തിച്ച ശേഷം മുറിയില്‍ പൂട്ടിയിട്ട് വിവസ്ത്രനാക്കി കുനിച്ചു നിര്‍ത്തി ചാട്ടവാറു കൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു

Update: 2021-02-09 11:27 GMT


Full View

മുസാഫര്‍നഗര്‍ (യുപി): ഉത്തര്‍പ്രദേശില്‍ വീണ്ടും പോലിസിന്റെ വംശീയാക്രമണം. മുസാഫര്‍നഗറില്‍ ജില്ലയിലെ ഹര്‍സോളി പോലീസ് സ്‌റ്റേഷനില്‍ മുസ്‌ലിം യുവാവിനെ കേസൊന്നുമില്ലാതെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് യുപി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.


വഴിയരികില്‍ ഭക്ഷണം വില്‍ക്കുന്ന മുബീന്‍ എന്ന ദരിദ്ര യുവാവിനെയാണ് ഹര്‍സോളി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സന്ദീപ് കുമാറും കോണ്‍സ്റ്റബിള്‍ പ്രശാന്ത് ശര്‍മയും കാരണമൊന്നുമില്ലാതെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച ശേഷം മുറിയില്‍ പൂട്ടിയിട്ട് വിവസ്ത്രനാക്കി കുനിച്ചു നിര്‍ത്തി ചാട്ടവാറു കൊണ്ട് ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. മുബിന്റെ മാതാവിനെയും സഹോദരിയെയും കുറിച്ച് പോലീസുകാര്‍ മോശമായി ആക്ഷേപിക്കുകയും ചെയ്തു.


ഒരു കാരണവുമില്ലാതെയാണ് മുബിനെ കസ്റ്റഡിയിലെടുത്തതെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. റിത ഭൂയാര്‍ ആരോപിച്ചു. മര്‍ദ്ദനത്തിന്റെ വീഡിയോ ആരോ രഹസ്യമായി പകര്‍ത്തിയത് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന വൈസ് പ്രസിഡന്റ് സാക്കിര്‍ അലി ത്യാഗിക്ക് ലഭിക്കുകയായിരുന്നു. സാക്കിര്‍ അലി ത്യാഗി മുസാഫര്‍ നഗര്‍ പോലീസ്, യുപി പോലീസ്, എസ്പി മുസാഫര്‍നഗര്‍ എന്നിവരെ ട്വിറ്ററിലും ഫേസ്ബുക്കിലും ടാഗുചെയ്ത് വീഡിയോ പങ്കുവച്ചു. പോലീസിന്റെ ക്രൂരത സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതികളായ രണ്ട് പോലീസുകാരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.




Tags:    

Similar News