ഭാര്യയും മകനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ യുഎസില്‍ അഭിഭാഷകന് തലയ്ക്കു വെടിയേറ്റു
മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.
വാഷിങ്ടണ്‍: പ്രാദേശിക നിയമ നിര്‍വ്വഹണത്തില്‍ ആഴത്തില്‍ വേരുകളുള്ള ഒരു പ്രമുഖ സൗത്ത് കാരലൈന അഭിഭാഷകന്‍ അലക്‌സ് മര്‍ദോഗ് തലയ്ക്ക് വെടിയേറ്റ് ഗുരുതര പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു.
റോഡരികില്‍വച്ച് കാറിന്റെ ടയര്‍ മാറ്റിക്കൊണ്ടിരിക്കെ ഒരു ട്രക്ക് കടന്നുപോവുകയും തുടര്‍ന്ന് തിരിച്ചുവന്ന് അഭിഭാഷകനായ അലക്‌സ് മര്‍ദോഗിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജിം ഗ്രിഫിന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
വെടിവയ്പില്‍ പരിക്കേറ്റ 53 കാരനായ മുര്‍ദോഗിനെ ഹെലിക്കോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്. തീരദേശ ഹാംപ്ടണ്‍ കൗണ്ടിയിലെ പോലിസ് വൃത്തങ്ങള്‍ വെടിവെപ്പ് സ്ഥിരീകരിക്കുകയും സംഭവത്തില്‍ അന്വേഷണം പുരഗോമിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് അലക്‌സ് മര്‍ദോഗിന്റെ ഭാര്യ മാഗിയും 22കാരനായ മകന്‍ പോള്‍ മര്‍ദോഗും സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറന്‍ ദ്വീപായ ഐലന്‍ടണ്‍ ഗ്രാമത്തിലെ അവരുടെ എസ്‌റ്റേറ്റില്‍ വെടിയേറ്റ് മരിച്ചത്. ജൂണ്‍ ഏഴിന് നടന്ന കൊലപാതകത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അലക്‌സ് മര്‍ദോഗിന്റെ അച്ഛന്‍, മുത്തച്ഛന്‍, മുത്തച്ഛന്‍ എന്നിവരെല്ലാം മേഖലാ പ്രോസിക്യൂട്ടര്‍മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.