യുഎസില്‍ നിന്ന് സൈനിക സഹായം തേടിയുള്ള ഇസ്രായേല്‍ നീക്കത്തിനെതിരേ പ്രതിഷേധവുമായി യുഎസ് അഭിഭാഷകര്‍
എല്ലാ വര്‍ഷവും 3.8 ദശകോടി ഡോളറാണ് യുഎസിലെ നികുതിദായകര്‍ ഇസ്രായേലിന് നല്‍കുന്നത്.
വാഷിംഗ്ടണ്‍ ഡി.സി: ഫലസ്തീനില്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 235 പേരെ കൊന്നൊടുക്കിയ ആക്രമണങ്ങള്‍ക്കു ശേഷം യുഎസില്‍ നിന്ന് വീണ്ടു സൈനിക സഹായം തേടിയ ഇസ്രായേലിനെതിരേ യുഎസിലെ ഫലസ്തീന്‍ അനുകൂല അഭിഭാഷകര്‍ പ്രതിഷേധിച്ചു. സൈനിക സഹായം തേടി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്‌സ് അടുത്തിടെ യുഎസ് തലസ്ഥാനത്ത് നടത്തിയ സന്ദര്‍ശനത്തിനെതിരെയാണ് അഭിഭാഷകര്‍ പ്രതിഷേധവുമായി തെരുവിവിലിറങ്ങിയത്.
ഇസ്രയേല്‍ ഫലസ്തീനികള്‍ക്കു നേരെ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രായേലിന് കനത്ത നഷ്ടം സംഭവിച്ചിരുന്നു. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോമിന് ശതകോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ഹമാസ് പോരാളികള്‍ നൂറിലധികം റോക്കറ്റുകള്‍ ഇടതടവില്ലാതെ തൊടുത്തുവിട്ടതോടെയാണ് ഇസ്രായേലിന്റെ ലോകോത്തര മിസൈല്‍ പ്രതിരോധ സംവിധാനം തകരാറിലായത്.
എല്ലാ വര്‍ഷവും 3.8 ദശകോടി ഡോളറാണ് യുഎസിലെ നികുതിദായകര്‍ ഇസ്രായേലിന് നല്‍കുന്നത്. ഇതിനു പുറമെയാണ് ഇപ്പോള്‍ അധികസഹായം കൂടി അനുവദിക്കാനൊരുങ്ങുന്നത്.