ജിജിയെ പോലിസ് വലിച്ചിഴച്ചപ്പോള്‍ വനിത കമ്മിഷന്‍ എവിടെയായിരുന്നു; കല്ലുകള്‍ ഇനിയും പിഴുതെറിയമെന്നും വിഡി സതീശന്‍
കെ റെയിലിനെതിരായ സമരം ശക്തമാക്കും
തിരുവനന്തപുരം: കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കെ റെയില്‍ പദ്ധതിക്ക് എതിരെ നടക്കുന്നത് ജനകീയ സമരമാണ്. അതിരടയാള കല്ലുകള്‍ ഇനിയും പിഴുതെറിയുമെന്നും സതീശന്‍ വ്യക്തമാക്കി. മാടപ്പള്ളിയില്‍ കെ റെയിലന് എതിരെ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തിയ ജിജി ഫിലിപ്പിന് എതിരെ കേസെടുത്തതിലും പ്രതിപക്ഷനേതാവ് പ്രതികരിച്ചു. കേസെടുത്ത് ഭയപ്പെടുത്താന്‍ നോക്കണ്ട. ഇരയെ കോണ്‍ഗ്രസ് ചേര്‍ത്ത് പിടിക്കുമെന്നും അവരെ വലിച്ചിഴച്ചപ്പോള്‍ എവിടെയായിരുന്നു കേരളത്തിലെ വനിതാ കമ്മീഷനെന്നും അദ്ദേഹം ചോദിച്ചു.
മാടപ്പള്ളിയില്‍ കെ റെയിലനെതിരെ പ്രതിഷേധിക്കാന്‍ കുട്ടിയുമായെത്തിയതിനാണ് ജിജി ഫിലിപ്പിനെതിരെ കേസെടുത്തത്. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്. എട്ടുവയസ്സുകാരി സോമിയയുമായാണ് ജിജി സമരമുഖത്ത് എത്തിയത്. അതിരടയാള കല്ല് പിഴുതതിനും കേസെടുത്തു. രാത്രിയില്‍ ആറ് കല്ലുകളാണ് എടുത്ത് മാറ്റിയത്. പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിന് എതിരെയും കേസെടുത്തു. എന്നാല്‍ കുഞ്ഞുങ്ങളെ സമരത്തിന് വേണ്ടി കവചങ്ങളാക്കിയിട്ടില്ലെന്ന് ജിജി പറഞ്ഞിരുന്നു. അത്തരം ആരോപണങ്ങള്‍ തെറ്റാണ്. കുഞ്ഞിനെ മനപ്പൂര്‍വ്വം സമരരംഗത്തേക്ക് എത്തിച്ചതല്ല. പോലിസ് തന്നെ വലിച്ചിഴച്ചപ്പോള്‍ കുഞ്ഞ് ഓടിയെത്തിയതാണെന്നും ജിജി വിശദീകരിച്ചിരുന്നു.