സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ
യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് സിവിക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്
കോഴിക്കോട്: ലൈംഗിക പീഡനക്കേസില്‍ സാഹിത്യകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി നാളെ വിധി പറയും.യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പോലിസ് രജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലാണ് സിവിക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു ലൈംഗിക പീഡന കേസും സിവിക്ചന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.2020 ഫെബ്രുവരി 18ന് വൈകീട്ട് നന്തി കടപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. വെള്ളിയാഴ്ച വൈകിട്ട് നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലിസ് മൊഴി എടുത്ത ശേഷം രാത്രി 10.25 ഓടെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ എത്തിയപ്പോള്‍ സിവിക് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ആദ്യ പരാതി. പീഡനക്കേസില്‍ പ്രതിയായ സിവിക് ചന്ദ്രന്‍ സംസ്ഥാനം വിട്ടെന്നാണ് പോലിസ് പറയുന്നത്.സിവിക് ചന്ദ്രനെ തിരഞ്ഞ് പോലിസ് സംഘം കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വീട്ടില്‍ പലതവണ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പോലിസ് പറയുന്നു.ജില്ലാ കോടതി മുന്‍കൂര്‍ജാമ്യം നിരസിച്ചാല്‍ സിവിക് കീഴടങ്ങുമെന്നും സൂചനയുണ്ട്.