വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം;അതിജീവിത സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു
നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിയുടേതെന്നു ചൂണ്ടിക്കാണിച്ചാണ് ഹരജി
കൊച്ചി;പീഡനക്കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജിയുമായി അതിജീവിത സുപ്രിംകോടതിയില്‍. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിയുടേതെന്നു ചൂണ്ടിക്കാണിച്ചാണ് ഹരജി.
കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹരജി ഹൈക്കോടതി പരിഗണിച്ചതെന്നും പരാതി നല്‍കിയതറിഞ്ഞു നിയമത്തില്‍ നിന്നു രക്ഷപെടുന്നതിനാണ് വിദേശത്തേക്കു കടന്നതെന്നും പരാതിക്കാരി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിജയ് ബാബുവിനു ജാമ്യം അനുവദിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ സര്‍ക്കാരും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.ഇരയുടെ പരാതിയില്‍ പോലിസ് കേസെടുത്ത വിവരം അറിഞ്ഞതിന് ശേഷമാണ് വിജയ് ബാബു വിദേശത്തേക്ക് കടന്നതെന്ന് സര്‍ക്കാര്‍ ഹരജിയില്‍ ബോധിപ്പിച്ചു. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്നു ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ വിഷയത്തില്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ നിലപാടിനെതിരെ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍നിന്നു തന്നെ ഭിന്നാഭിപ്രായം പുറത്തു വന്നിരുന്നു. സമാന കേസ് പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ കേസ് പരിഗണിക്കുന്നത് ഡിവിഷന്‍ ബെഞ്ചിനു വിടുകയായിരുന്നു.