വിഷ്ണുപ്രിയ കൊലപാതകം; പ്രതി കസ്റ്റഡിയിലെന്ന് സൂചന

Update: 2022-10-22 10:33 GMT

കണ്ണൂര്‍: കണ്ണൂര്‍ പാനൂരിലെ വള്ള്യായില്‍ യുവതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പ്രതിയെ പിടികൂടി. മാനന്തേരി സ്വദേശിയായ യുവാവാണ് പോലിസ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ ബൈക്കും കണ്ടെടുത്തു.

വള്ള്യായി ഉമാമഹേശ്വരക്ഷേത്രത്തിനു സമീപം നടമ്മേല്‍ വണ്ണത്താംവീട്ടില്‍ വിഷ്ണുപ്രിയയെയാണ് കൊലപ്പെടുത്തിയത്. 21 വയസ്സായിരുന്നു. പ്രണയം നിരസിച്ചതാണ് കാരണമെന്ന് കരുതുന്നു. കഴുത്തില്‍ കുരുക്കിട്ടാണ് കൊലപ്പെടുത്തിയത്. യുവതിയുടെ കഴുത്തിലും മറ്റും മുറിവുകളുണ്ട്. പ്രതി ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു.

യുവതി സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടയിലാണ് പ്രതി വീടിനകത്തേക്ക് കയറി വന്നത്. പ്രതിയെ യുവതി സുഹൃത്തിന് കാണിച്ചുകൊടുത്തു. പേരും പറഞ്ഞു. അല്‍പ്പസമയത്തിനകം ഫോണ്‍ ഓഫായി. പരിഭ്രാന്തനായ സുഹൃത്ത് മറ്റുള്ളവരെ വിവരമറിയിച്ചെങ്കിലും അവരെത്തും മുമ്പ് കൊലപാതകം നടന്നുകഴിഞ്ഞു. ഈ സൂചന ഉപയോഗിച്ചാണ് പോലിസ് പ്രതിയെ കണ്ടെത്തിയത്.

പാനൂരിലെ സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് മരിച്ച വിഷ്ണുപ്രിയ.

Similar News